മേൽകടയ്ക്കാവൂർ 33കെ.വി സബ്സ്റ്റേഷന്റെ കപ്പാസിറ്റി ഉയർത്തണമെന്ന ആവശ്യം ശക്തം

കടയ്ക്കാവൂർ : ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ മേൽകടയ്ക്കാവൂരിൽ സ്ഥാപിച്ചിട്ടുള്ള കെ.എസ്.ഇ.ബിയുടെ 33 കെവി സബ്സ്റ്റേഷന്റെ കപ്പാസിറ്റി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ കടയ്ക്കാവൂർ, ചിറയിൻകീഴ് അഞ്ചുതെങ്ങ്, വക്കം, മണമ്പൂർ പഞ്ചായത്തുകൾക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യുന്നത് ഈ 33കെവി സുബ്സ്റ്റേഷനിൽ നിന്നാണ്. എന്നാൽ ക്രമാതീതമായി വർദ്ധിച്ചുവരുന്ന വൈദ്യുതി ഉപയോഗം മൂലം സബ്സ്റ്റേഷന്റെ പ്രവർത്തനം തന്നെ അവതാളത്തിലാകുന്നു. അടിക്കടി പോകുന്ന വൈദ്യുതിയും മറ്റ് പ്രശ്നങ്ങളും ഇവിടെ നിത്യസംഭവമാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിലുള്ള 33 കെവി സബ്സ്റ്റേഷൻ 110 കെവി ആയി ഉയർത്തണമെന്നാണ് ആവശ്യം. നിലവിൽ ഈ സബ്സ്റ്റേഷനിൽ അതിനുള്ള സ്ഥലമുണ്ട്. കൂടാതെ കടയ്ക്കാവൂർ പഞ്ചായത്തിൽ കൂടി സാഹി പദ്ധതിയിലുൾപ്പെടുത്തി കേബിൾ ഇട്ടാൽ അപകടങ്ങൾ ഉണ്ടാകുന്നതും ഒഴിവാക്കാൻ സാധിക്കും. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ കേബിൾ പണി പൂർത്തീകരിച്ചിട്ടുണ്ട്. ഇത്തരം ആവശ്യങ്ങളുന്നയിച്ച് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് നിവേദനം നൽകിയിട്ടുണ്ട്.