അനന്തുവിന്റെ മിന്നുന്ന പ്രകടനം, കേരളത്തിന്‌ 3 മെഡലുകൾ

പത്തനംതിട്ട : ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരള ടീം ക്യാപ്റ്റനായ അനന്തു വിജയൻ 3 മെഡലുകൾ സന്തമാക്കി.

400 മീറ്റർ ഹർഡിൽസിലും 4 X 400 മീറ്റർ റിലേയിലും വെള്ളിമെഡലുകളും 400 മീറ്ററിൽ വെങ്കലവുമാണ് അനന്തു നേടിയത്.

 

പത്തനംതിട്ട കോഴഞ്ചേരി അനന്തുനിവാസിൽ സി.കെ. വിജയന്റെയും ജയശ്രീയുടെയും മകനാണ്. 400 മീറ്റർ ഓട്ടത്തിൽ ഫോട്ടോ ഫിനിഷിലാണ് അനന്തു വിജയന്റെ വെങ്കലമെഡൽ. 48.89 സെക്കൻഡിൽ പൂർത്തിയാക്കി. ഇരവിപേരൂർ സെയ്ന്റ് ജോൺ എച്ച്.എസ്. സ്കൂൾ പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥിയായ അനന്തു അനീഷ് തോമസിന് കീഴിൽ പരിശീലിക്കുന്നു.
നിരവധി നാഷണൽ മത്സരങ്ങളിൽ ഇതിന് മുൻപും അനന്തു അത്ഭുതം കാഴ്ച വെച്ചിട്ടുണ്ട്. എന്നാൽ കായികനേട്ടങ്ങളിലൂടെ വീടിന്റെ ജപ്തിയെയും പിതാവിന്റെ രോഗത്തെയും അതിജീവിച്ച അനന്തു വിജയൻ പ്രളയം തകർത്ത ജീവിതക്കോട്ടയ്ക്കു മുൻപിൽ ആയുധമില്ലാത്ത പടയാളിയായി. പണയത്തിലായിരുന്ന വീടിന്റെ ആധാരം തിരിച്ചു കിട്ടി രണ്ടര മാസം കഴിഞ്ഞപ്പോഴെത്തിയ പമ്പാനദിയിലെ വെള്ളം ഉള്ളൂർചിറയിൽ അനന്തുനിവാസ് എന്ന വീടിനെ മുഴുവൻ മുക്കിക്കളഞ്ഞു. സമീപത്തെ രണ്ടുനില വീടിന്റെ മുകളിൽ കുടുങ്ങിയവരെ രക്ഷിക്കാനെത്തിയ മൽസ്യത്തൊഴിലാളികളുടെ വള്ളം ഇടിച്ച് വീടിന്റെ മേൽക്കൂരയും തകർന്നു.

വീട്ടിൽ വെള്ളം കയറുമ്പോൾ അനന്തു വെണ്ണിക്കുളത്തെ സ്പോർട്സ് ഹോസ്റ്റലിലായിരുന്നു. വിവരമറിഞ്ഞ് എത്തിയപ്പോൾ മുറ്റത്ത് മുട്ടോളം വെള്ളം.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കിട്ടിയ ആദ്യ സംസ്ഥാന മെഡൽ മുതൽ ആറു ദേശീയ മെഡലുകൾ ഉൾപ്പെടെ മുപ്പതോളം എണ്ണം അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു. സർട്ടിഫിക്കറ്റുകളും വീടിന്റെ ആധാരവും തിരിച്ചുകിട്ടാത്തവണ്ണം ചെളി മൂടി. ഇതിനിടയിൽ അനന്തു താമസിക്കുന്ന ഹോസ്റ്റലിലും വെള്ളം കയറിയിരുന്നു. സ്പോർട്സ് ഉപകരണങ്ങളും വസ്ത്രങ്ങളും എല്ലാം നഷ്ടപ്പെട്ടു.

അനന്തുവിന്റെ സങ്കടം അറിഞ്ഞ സ്വയംവര സിൽക്‌സ് സ്പോൺസർ ചെയ്യുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടീമായ ആത്മ മലയാളി ഹീറോസും സ്വയംവരയും ചേർന്ന് അനന്തുവിന്റെ മുന്നോട്ടുള്ള കായിക ജീവിതത്തിന് വഴിത്തിരിവാകുകയായിരുന്നു. ഇന്ന് കേരളം അഭിമാനിക്കുന്ന നേട്ടം കൊയ്യാൻ അനന്തുവിന് സാധിച്ചു.  അനന്തുവിന്റെ കഠിനമായ പരിശീലനത്തിനും കേരളത്തിന്‌ വേണ്ടി നേടിയ വിജയത്തിനും സ്വയംവര സിൽക്ക്സ് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.പ്രളയദുരിതത്തിൽപെട്ട് സ്വപ്നങ്ങൾ പാതി വഴിയിലാക്കി നിന്ന അനന്തുവിനെ ലക്ഷ്യത്തിലെത്തിക്കാൻ സഹായിച്ച ആത്മ മലയാളി ഫിറോസിനും സ്വയംവര സിൽക്സിനും എംഎൽഎ വീണ ജോർജ് നന്ദി അറിയിച്ചു.