ഇനി ആറ്റിങ്ങലിൽ പ്രാചീന ഗോത്രവർഗ ജീവിത ചര്യകളുടെ നേർക്കാഴ്ചകൾ – ഗദ്ദിക 2019നു തുടക്കം

ആറ്റിങ്ങൽ: പ്രകൃതിയോടിണങ്ങി ജീവിച്ച പ്രാചീന ഗോത്രവർഗജീവിതചര്യകളുടെ നേർക്കാഴ്ചകളവതരിപ്പിക്കുന്ന ഗദ്ദികയ്ക്ക് ആറ്റിങ്ങലിൽ തുടക്കമായി. പട്ടികജാതി – പട്ടികവർഗ കിർത്താഡ്സ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ  ഇന്ന് മുതൽ മാർച്ച് നാലുവരെ ആറ്റിങ്ങൽ മാമം മൈതാനത്ത്  സംഘടിപ്പിക്കുന്ന കലാമേളയും ഉൽപ്പന്ന പ്രദർശന വിപണനമേളയും ഗവർണർ പി സദാശിവം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ  പട്ടികജാതി–പട്ടികവർഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലൻ അധ്യക്ഷനായി. അഡ്വ. ബി സത്യൻ എംഎൽഎ, നഗരസഭ ചെയർമാൻ എം പ്രദീപ്, കൗൺസിലർ പ്രിൻസ് രാജ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വയനാട്ടിൽ നിന്നുള്ള പി.കെ.കരിയനും സംഘവും അവതരിപ്പിക്കുന്ന കണ്ടാകർണൻ തെയ്യം, സുൽത്താൻബത്തേരി തുടിതാളം അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ എന്നിവ നടക്കുന്നതാണ്.

കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുമായി ബന്ധപ്പെട്ട കലാരൂപങ്ങളും ആരോഗ്യസംരക്ഷണോപാധികളും ചികിത്സാസമ്പ്രദായങ്ങളും പച്ചമരുന്ന് പ്രയോഗങ്ങളും ഭക്ഷണവും ഉപജീവനോപാധികളുമെല്ലാം ഒരു കുടക്കീഴിലൊരുക്കുന്ന പ്രദർശനവിപണനമേളയാണിത്.

പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരുടെ ഉത്‌പന്നങ്ങൾ അണിനിരക്കുന്ന 80 സ്റ്റാളുകളാണ് മേളയുടെ പ്രധാനാകർഷണം. പച്ചമരുന്നുകളും കാട്ടുതേനും മുതൽ വംശീയഭക്ഷ്യമേളവരെ ഈ സ്റ്റാളുകളിൽ ഉണ്ട്. എല്ലാദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.

24ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സാസ്കാരിക സായാഹ്നം  കവി പ്രൊഫ. വി മധുസൂദനൻനായർ ഉദ്ഘാടനം ചെയ്യും.  25ന് സാംസ്കാരിക സായാഹ്നം കവി കുരീപ്പുഴ ശ്രീകുമാറും 26ന് വിനോദ് വൈശാഖിയും 27ന് വള്ളിക്കാവ് മോഹൻ ദാസും 28ന് വൈകിട്ട‌് സി ജെ കുട്ടപ്പനും മാർച്ച് ഒന്നിന് വി എസ് ബിന്ദുവും മാർച്ച് രണ്ടിന്  ഡോ. എ വി അജയകുമാറും മാർച്ച് മൂന്നിന് ജിനേഷ് കുമാർ എരമവും ഉദ്ഘാടനം ചെയ്യും.  എല്ലാ ദിവസവും വിവിധ നാടൻ ഗോത്ര കലാരൂപങ്ങൾ ആറ്റിങ്ങലിൽ അവതരിപ്പിക്കും. മാർച്ച് നാലിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. ബി സത്യൻ എംഎൽഎ അധ്യക്ഷനാകുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി ശശി മുഖ്യാതിഥിയാകും.

വിവിധ ദിവസങ്ങളിലായി ആട്ടം, പൂതൻതിറ, മംഗലംകളി, പുള്ളുവൻപാട്ട്, തിരിയുഴിച്ചിൽ, കാക്കാരിശ്ശിനാടകം, ചിമ്മാനക്കളി, ചോനൻകളി, ചാറ്റ്, പാണപൊറാട്ട്, മുളംചെണ്ടമേളം, എരുത്കളി, ഇരുളനൃത്തം, നാരായണപ്പാട്ട്, നാഗകാളി വെള്ളാട്ട്തിറ, പൂപ്പടതുള്ളൽ, മലക്കുടിയനൃത്തം, ഊരാളികൂത്ത്, പറപൂതൻ, പളിയനൃത്തം, കേത്രാട്ടം, പുതിയ ഭഗവതിത്തെയ്യം, ആട്ട്പാട്ട്, കൊറഗ്‌നൃത്തം, രക്തചാമുണ്ഡിത്തെയ്യം, ജാംബേബാംബുമ്യൂസിക് എന്നിവ അരങ്ങേറും. ഇവയ്ക്കൊപ്പം കെ.പി.എ.സി.യുടെ നാടകവും നാടൻപാട്ടുകളും കലാവിരുന്നുകളും ഉണ്ടായിരിക്കും.