ആറ്റിങ്ങലിൽ അറവുശാലയിലെ പരാക്രമങ്ങൾക്ക് അറുതി ഇല്ല, ഹോട്ടലുകളിലും ഇതേ മാംസം

ആറ്റിങ്ങൽ : ആറ്റിങ്ങലിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാർക്കറ്റിലെ അറവുശാലയിൽ മൃഗങ്ങളോടുള്ള പരാക്രമം അധികരിക്കുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് മാടുകളെ കശാപ്പ് ചെയ്യുന്നത്. അത്തരത്തിൽ കശാപ്പ് ചെയ്യുന്ന മൃഗങ്ങളാണ് പ്രദേശത്തെ ഹോട്ടലുകളിൽ വിളമ്പുന്നത്. മാസങ്ങളായി വെള്ളം കാണാതെ കിടന്ന അറവുശാലയിലാണ് ഒരു ആടിനെ കശാപ്പ് ചെയ്തിട്ടത്.


മാലിന്യം ഓടയിൽ കുന്നുകൂടി അറപ്പുളവാക്കുന്ന രീതിയിലാണ് ദൃശ്യമാകുന്നത്. പ്രദേശത്ത് അസഹനീയമായ ദുർഗന്ധവും വമിക്കുന്നു. നിരവധി വ്യാപാരസ്ഥാപനങ്ങളും വീടുകളുമുള്ള പ്രദേശത്താണ് ഇത്തരത്തിൽ അശാസ്ത്രീയമായ രീതിയിൽ കശാപ്പ് നടക്കുന്നത്. എന്നാൽ ഇതൊന്നും കണ്ടിട്ട് നഗരസഭാ അധികൃതർക്ക് യാതൊരു കുലുക്കവുമില്ല.

ആട് മാടുകളെ അറവ് ചെയ്യുന്നതിന് നിർമ്മിച്ച അറവുശാല നശിച്ചു കിടക്കുകയാണ്. രാത്രികാലങ്ങളിൽ വഴിയോരങ്ങളിൽ ആടുമാടുകളെ അറവ് ചെയ്യുന്ന ശബ്ദം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും ആരോപണമുണ്ട്. മാത്രമല്ല വൃത്തിഹീനമായ മാർക്കറ്റ് പരിസരത്ത് തെരുവ്നായ ശല്യവും രൂക്ഷമാകുന്നു. കൊതുകും ഈച്ചയും എല്ലാം കൂടുന്നത് മാറാരോഗങ്ങൾ വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.