ആറ്റിങ്ങൽ നിവാസികളുടെ സ്വപ്നം : നാലുവരിപ്പാതയുടെ നിർമാണത്തിന് തുടക്കം

ആ​റ്റിങ്ങൽ: ആറ്റിങ്ങൽ നിവാസികളുടെ സ്വപ്നമായ നാലുവരിപ്പാതയുടെ നിർമാണത്തിന് തുടക്കം . ആ​റ്റിങ്ങൽ നാലുവരിപ്പാതയുടെ നിർമ്മാണോദ്ഘാടനം ഇന്ന് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു.

പൂവമ്പാറ മുതൽ മൂന്നുമുക്കുവരെ നിലവിലെ ദേശീയപാതയാണ് നാലുവരിയായി വികസിപ്പിക്കുന്നത്.സർക്കാർ ഏ​റ്റെടുത്ത പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനാണ് തീരുമാനം. ആറ്റിങ്ങലിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദ്ദേശിക്കപ്പെട്ടതാണ് നാലുവരിപ്പാത. നാ​റ്റ്പാക്ക് നടത്തിയ പഠനത്തെത്തുടർന്നാണ് പദ്ധതി ആസൂത്രണം ചെയ്‌തത്. പുറമ്പോക്ക് ഭൂമി,​ സർക്കാർ ഓഫീസുകളോടനുബന്ധിച്ചുള്ള ഭൂമി എന്നിവ ഏ​റ്റെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. റോഡിനായി ഭൂമിയേറ്റെടുത്തപ്പോൾ പൊളിച്ചുനീക്കിയ സർക്കാർ ഓഫീസുകളുടെ മതിലുകൾ പുനർനിർമ്മിച്ചു തുടങ്ങി. പുതിയ രൂപരേഖ തയ്യാറാക്കുന്നതിനുള്ള സർവേ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. ഉടൻ കരാർ നടപടികൾ പൂർത്തിയാക്കി നിർമ്മാണപ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് നഗരസഭയുടെ തീരുമാനം.

ആ​റ്റിങ്ങൽ മിനി സിവിൽ സ്​റ്റേഷൻ അങ്കണത്തിൽ നടന്ന നിർമ്മാണ ഉദ്ഘാടന യോഗത്തിൽ അഡ്വ. ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.സമ്പത്ത് എം.പി മുഖ്യ അതിഥിയായി. നഗരസഭാ ചെയർമാൻ എം.പ്രദീപ്,​ ദേശീയപാത വിഭാഗം പൊതുമരാമത്ത് ചീഫ് എൻജിനിയർ എം.അശോക് കുമാർ,​ വി.ആർ.വിനോദ്,​ ജി.വിജയരാഘവൻ,​ ആർ.രാമു,​ പി.ഉണ്ണികൃഷ്ണൻ,​ സി.എസ്.ജയചന്ദ്രൻ,​ തോട്ടയ്ക്കാട് ശശി,​ കെ.എസ്.ബാബു,​ അഡ്വ. എസ്.കുമാരി,​ സി.പ്രദീപ്,​ ആർ.പ്രദീപ്കുമാർ,​ എസ്.സജീവ് തുടങ്ങിയവർ പങ്കെടുത്തു.