ആറ്റിങ്ങൽ കോടതി വളപ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

ആറ്റിങ്ങൽ: ആറ്റിങ്ങൽ കോടതിവളപ്പിൽ വെച്ച് തെരുവു നായയുടെ കടിയേറ്റ് കല്ലറ മിതൃമ്മല സ്വദേശി ബാബുവിന് (43) പരിക്കേറ്റു. കാലിന്റെ ഉപ്പൂറ്റിയിലും കണങ്കാലിലും കടിയേറ്റ ബാബുവിനെ വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10.45-ഓടെയാണ് സംഭവം.

ആറ്റിങ്ങൽ കോടതിയിൽ നടക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് ബാബു ശനിയാഴ്ച രാവിലെ കോടതി വളപ്പിലെത്തിയത്. കുടുംബകോടതിക്ക് സമീപം വക്കീലുമായി സംസാരിച്ചു നില്ക്കുമ്പോഴാണ് ഓടിയെത്തിയ നായ ബാബുവിന്റെ കാലിൽ പിടികൂടിയത്. നായയെ ഓടിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും വീണ്ടും കടിച്ചു. സമീപത്തുണ്ടായിരുന്നവർകൂടി ഓടിയെത്തിയാണ് നായയെ ഓടിച്ചുവിട്ടത്. വിദേശത്തുനിന്ന് അവധിയിലെത്തിയയാളാണ് ബാബു. അടുത്തയാഴ്ച മടങ്ങിപ്പോകേണ്ടതാണ്.

ആറ്റിങ്ങൽ കോടതിവളപ്പിലും പോലീസ് സ്റ്റേഷൻ പരിസരത്തും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണ്. അലഞ്ഞുതിരിയുന്ന നായ്ക്കൾ ഇവിടെയെത്തുന്നവർക്ക് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.