ഭക്തിയുടെ നിറവിൽ ഇന്ന് ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയുക്കായി തലസ്ഥാനത്തെ തെരുവുകളിൽ പൊങ്കാലയർപ്പിക്കാനെത്തിയവർ നിരന്നുകഴിഞ്ഞു. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നിച്ചു വരുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല. മധുരാ നഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം. തോറ്റംപാട്ടിന്റെ ശീലുകളില്‍ പാണ്ഡ്യരാജ്യ നിഗ്രഹത്തോടെ കണ്ണകീ ചരിത്രം പൂര്‍ണമാകുമ്പോള്‍ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും.

രാവിലെ 9.45ന് ശുദ്ധപുണ്യാഹത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുക. സംഹാരരുദ്രയായ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗത്തിന്റെ തോറ്റംപാട്ട് കഴിയുമ്പോള്‍ ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവില്‍ നിന്നുള്ള ദീപം മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്ക് കൈമാറും. തുടർന്ന് 10.15ന് ദീപം വലിയ തിടപ്പള്ളിയിലും ചെറിയ തിടപ്പള്ളിയിലും പണ്ടാരയടുപ്പിലേക്കും അഗ്നി പകരുമ്പോള്‍ ചെണ്ടമേളം മുഴങ്ങും.

ഒപ്പം നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലും ദീപം തെളിക്കും. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി നേരത്തെ എത്തി അടുപ്പ് കൂടി കാത്തിരിക്കുന്ന ഭക്തരുണ്ട്. തുടര്‍ന്ന് ഭക്തരുടെ അടുപ്പുകളിലേക്ക് അഗ്നി കൈമാറിയെത്തുന്നതോടെ അനന്തപുരി അക്ഷരാര്‍ഥത്തില്‍ യാഗശാലയാകും.

2.15 ഓടെ നൈവേദ്യം. രാത്രി 7.30ന് ദേവിദാസൻമാരായ കുത്തിയോട്ട വ്രതക്കാരുടെ ചൂരല്‍കുത്ത് നടക്കും. പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ കനത്ത സുരക്ഷയാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.

പൊങ്കാലയോട് അനുബന്ധിച്ച് നഗരത്തില്‍ ഇന്നലെ ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി 3800 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 1600 ഓളം വനിതാ പൊലീസുകാരെയും നിയോഗിച്ചു. കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.