ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് ഇനി രണ്ടു ദിവസം മാത്രം, ഇത്തവണ പ്രത്യേക ഒരുക്കങ്ങൾ

തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇനി രണ്ടുനാൾ. പ്രധാന നേർച്ചയായ കുത്തിയോട്ട വ്രതം നോൽക്കുന്നതിന് രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം ആഴ്ചകൾക്ക് മുൻപേ എണ്ണൂറ് കവിഞ്ഞു. ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിന് സമീപമുള്ള അംബ, കാർത്തിക ആഡിറ്റോറിയങ്ങളിൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്നദാനത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. ക്ഷേത്രവും പരിസരവും വൈദ്യുതി ദീപാലങ്കാരം നടത്തുന്ന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള താത്കാലിക ബാരിക്കേഡുകളും സ്ഥാപിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കായി ദേവി ആഡിറ്റോറിയത്തിന് മുന്നിൽ താത്കാലിക മുറികൾ സജ്ജമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് മുന്നിലെ വെടിപ്പുര മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെ ഭക്തർക്ക് പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കി. നഗരത്തിലെ മാലിന്യനീക്കം ഏറക്കുറെ പൂർത്തിയായി. ശേഷിക്കുന്നവ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നടക്കും. തകർന്നുകിടന്ന ഓടയുടെ സ്ലാബുകൾ പുനർ നിർമ്മിക്കുന്നതുൾപ്പെടെയുള്ള മറ്റു മരാമത്ത് പണികൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്.

• മൂന്ന് വേദികളിൽ പരിപാടി
ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം 12ന് വൈകിട്ട് 6.30ന് നടൻ മമ്മൂട്ടി നിർവഹിക്കും. ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്കാരം പാലിയം ഇന്ത്യ ചെയർമാൻ ഡോ. എം.ആർ. രാജഗോപാലിന് നൽകും. പിന്നണിഗായിക വൈക്കം വിജയലക്ഷ്മിയുടെ സംഗീതക്കച്ചേരിയാണ് ആദ്യ കലാപരിപാടി. അംബ, അംബിക, അംബാലിക എന്നീ മൂന്ന് വേദികളിലാണ് കലാപരിപാടികൾ അരങ്ങേറുക. പ്രധാന വേദിയായ അംബയിൽ വൈകിട്ടാണ് പരിപാടികൾ. മറ്റു രണ്ടു വേദികളിലും രാവിലെ മുതൽ പരിപാടികൾ ഉണ്ടാകും.

• ഇരുപത് ബൈക്ക് പട്രോളിംഗ്
കൂടുതൽ വനിതാ പൊലീസുകാർ ഉൾപ്പെടെ വൻ പൊലീസ് സന്നാഹമാകും ഇക്കുറി ആറ്റുകാൽ പൊങ്കാലയ്ക്ക് സുരക്ഷയൊരുക്കുക. എല്ലാ മേഖലകളിലും കൂടുതൽ പൊലീസ്‌ സംഘത്തെ വിന്യസിക്കും. നഗരം മുഴുവൻ നിരീക്ഷണ വലയത്തിലാക്കുന്നതിനുള്ള സി.സി ടിവി സംവിധാനവും ഒരുക്കിയിട്ടുണ്ട്. മോഷണം, പിടിച്ചുപറി സംഘത്തിൽപ്പെട്ട അന്യസംസ്ഥാനക്കാരെയടക്കം നിരീക്ഷിക്കാൻ മഫ്തിയിൽ കൂടുതൽ പൊലീസിനെ നിയോഗിക്കും. സുരക്ഷ ലക്ഷ്യമിട്ട് ഇരുപത് ബൈക്ക് പട്രോളിംഗ് സംഘത്തെ അധികമായി നിയോഗിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ പറഞ്ഞു.

• പ്രത്യേക ബസ് സർവീസ്
12 മുതൽ വിവിധ ഡിപ്പോകളിൽ നിന്നു ആറ്റുകാലിലേക്ക് പ്രത്യേക സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. സിറ്റി, പാപ്പനംകോട്, വികാസ്ഭവൻ, വെള്ളനാട്, പേരൂർക്കട എന്നിവിടങ്ങളിൽ നിന്നും 19 മുതൽ പത്തനംതിട്ട, പുനലൂർ, കൊല്ലം, കൊട്ടാരക്കര ഡിപ്പോയിൽ നിന്നും പ്രത്യേക സർവീസുകൾ നടക്കും.

• ശബ്ദമലിനീകരണം അരുത്
അമിതമായ ശബ്ദമലിനീകരണം കണ്ടെത്തി തടയാൻ റവന്യൂ സ്‌ക്വാഡ് ഉത്സവമേഖലയായ 31 വാർഡ് പ്രദേശങ്ങളിൽ സന്ദർശനം നടത്തും. ദീപാലങ്കാരം നടത്താൻ ഗാർഹിക കണക്‌ഷൻ ഉപയോഗിച്ചാൽ വൈദ്യുതി ബന്ധം റദ്ദാക്കുമെന്ന് കളക്ടർ അറിയിച്ചു.