അഴൂർ മാതശ്ശേരിക്കോണം ഗവ.യു.പി സ്കൂളിൽ പഠനോത്സവം

അഴൂർ : പൊതുവിദ്യാലയങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കുകയും അത് പൊതുജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാതശ്ശേരിക്കോണം ഗവ.യു.പി സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഈ അക്കാഡമിക് വർഷത്തെ മികവിന്റെ വർഷമായി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് പഠനോത്സവം.

ഇതിന്റെ പ്രചാരണത്തിനുള്ള നോട്ടീസ്, ബാനർ, പോസ്റ്റർ, മൈക്ക് അനൗൺസ്മെന്റ് എല്ലാം തയ്യാറാക്കിയതും അവതരിപ്പിച്ചതും സ്കൂളിലെ വിദ്യാർത്ഥികളാണ്. കുട്ടികളുടെ പരിപാടിയ്ക്കൊപ്പം വിവിധ ഭാഷ അക്ഷരമരം, തോരണങ്ങൾ, ഗണിത മരം, ചിത്ര പ്രദർശനം എന്നിവ സ്ഥാപിച്ചു. ഓരോ ക്ലാസ് മുറിയും ഓരോ പ്രദർശന മൂലകളായി ക്രമീകരിച്ചു. ഹരിതോത്സവം, പരീക്ഷണങ്ങൾ, പ്രാദേശിക ചരിത്രരചനകൾ, കരകൗശലപ്രദർശനമേള, പസിലുകൾ, പഠന കേളികൾ, പ്രാചീന ആധുനിക കവിത്രയങ്ങളെ പരിചയപ്പെടുന്നതിനായി ദൃശ്യ ശ്രവ്യ പരിപാടി,1857 മുതൽ 1947 വരെ ടൈംലൈൻ തുടങ്ങിയവ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്ത്, വാർഡ്മെമ്പർ സുധർമ്മ, പി.ടി.എ പ്രസിഡന്റ് ഷൈലജൻ, പ്രഥമാദ്ധ്യാപിക വസന്തകുമാരി തുടങ്ങിയവർ പങ്കെടുത്തു.