ഭരതന്നൂർ ചന്തയിൽ പുഴുവരിച്ച മത്സ്യം വില്പനയ്ക്ക്

ഭരതന്നൂർ: ഭരതന്നൂരിൽ വീണ്ടും പുഴുവരിച്ച മത്സ്യം വില്പനയ്ക്കെത്തിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഭരതന്നൂർ ചന്തയിൽ നിന്നു വാങ്ങിയ ചൂര മീനിലാണ് പുഴുവിനെക്കണ്ടത്.

മാസങ്ങൾക്കുമുൻപ് ചന്തയിൽ വില്പനയ്ക്ക് കൊണ്ടുവന്ന മീനിൽനിന്ന് ദുർഗന്ധം വമിച്ചപ്പോൾ നാട്ടുകാർ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും അവരെത്തി നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നും പല തവണ ഇത്തരത്തിൽ ചീഞ്ഞ മത്സ്യങ്ങൾ വാഹനങ്ങളിലും മാർക്കറ്റിലുമായി എത്തിച്ചിട്ടുണ്ട്. ദിവസങ്ങളോളം പഴക്കമുള്ള മീനുകളാണ് ഇവിടെ വില്പനയ്ക്കു കൊണ്ടുവരുന്നതെന്ന് ആരോപണമുണ്ട്. മറ്റുമാർക്കറ്റുകളിൽ നിന്നും പുറംതള്ളുന്ന മീനുകൾ കുറഞ്ഞ വിലയ്ക്കെടുത്ത് ഇവിടെ വിറ്റഴിക്കുകയും ചെയ്യുന്നുണ്ട്. രതന്നൂർ ചന്തയിലെ മീൻവില്പന തടയണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടർ, വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.