അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

അഞ്ചുതെങ്ങ് : മത്സ്യബന്ധനത്തിനു പോകും വഴി കടലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് കൊച്ചുപള്ളിക്ക് സമീപം ആർക്ക് വീട്ടിൽ പരേതനായ തോമസിൻ്റെ മകൻ ആൽബി (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയ്ക്കായിരുന്നു സംഭവം. അഞ്ചുതെങ്ങ് കൊച്ചുപള്ളിക്കു പടിഞ്ഞാറ് വശത്തു നിന്നു ‘വലിയ മുക്കുവൻ’ എന്ന സ്വന്തം വള്ളത്തിലാണ് ആൽബിയും സുഹൃത്ത് സ്റ്റെല്ലസും കടലിൽ മത്സ്യബന്ധനത്തിനു പോയത്. മത്സ്യബന്ധനത്തിനു പോകുന്ന വഴിമദ്ധ്യേ വള്ളം ചരിയുകയും ഇരുവരും കടലിൽ വീഴുകയും ചെയ്തു. കൂടെ ഉണ്ടായിരുന്ന സ്റ്റെല്ലസ്, ആൽബിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. തുടർന്ന് ഉടൻ തന്നെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമാർട്ടത്തിനു ശേഷം സെൻ്റ് പീറ്റേഴ്സ് ഫെറോന ദേവാലയത്തിലെ സെമിത്തേരിയിൽ അടക്കം ചെയ്തു.

ഭാര്യ – സെൽബോറി,
മക്കൾ – പ്രിൻസ്, റോജി, റോജ