ഡീസന്റ്മുക്കിലെ സ്വകാര്യ കശുഅണ്ടി ഫാക്ടറി വളപ്പിനുള്ളിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി

നാവായിക്കുളം : നാവായിക്കുളം ഡീസന്റ്മുക്കിലെ സ്വകാര്യ കശുഅണ്ടി ഫാക്ടറി വളപ്പിനുള്ളിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. നാശനഷ്ടങ്ങൾ ഇല്ല. വളപ്പിനുള്ളിൽ ഉണങ്ങിക്കിടന്ന പുല്ലിന് തീപിടിക്കുകയായിരുന്നു. സമീപത്തെ തെങ്ങുകൾ കത്തിനശിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം ആറ്റിങ്ങൽ ഫയർഫോഴ്സിനെ അറിയിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ കശുഅണ്ടി ഫാക്ടറിയിലേക്കും സമീപത്തെ വീടുകളിലേക്കും തീ പടരാതെ നോക്കി. ഇതിന് ശേഷം ആറ്റിങ്ങലിൽ നിന്നുമെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീ പൂർണമായും കെടുത്തുകയായിരുന്നു.