ചിറയിൻകീഴ് താലൂക്ക് ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും: ആരോഗ്യമന്ത്രി

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. ആർദ്രം മിഷന്റെ ഭാഗമായി ആശുപത്രിയിൽ നിർമിക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

70.5 കോടി രൂപയുടെ വികസന പദ്ധതികളാണ് ആശുപത്രിയിൽ നടപ്പാക്കുന്നത്. ഇവ പൂർത്തിയാകുന്നതോടെ സാധാരണക്കാർക്കും ആധുനിക ചികിത്സ ലഭ്യമാക്കാനാകുമെന്നു മന്ത്രി പറഞ്ഞു. ഒ.പി ബ്ലോക്കിന്റെ രണ്ടാം നിലയുടെയും അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായുള്ള വാത്സല്യകൂടാരത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സ്ത്രീ സൗഹൃദ ശുചിമുറികൾ, വിശ്രമ മുറികൾ, തൊട്ടിൽ സൗകര്യത്തോടെയുള്ള ഫീഡിംഗ് മുറികൾ തുടങ്ങിയവയാണ് വാത്സല്യകൂടാരത്തിലുള്ളത്.

ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ഇളമ്പ ഉണ്ണികൃഷ്ണൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.