ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ അപസ്മാരരോഗിക്ക് മരുന്ന് മാറിനൽകി; നടപടി ഉടൻ വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

ചിറയിൻകീഴ് : ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ അപസ്മാര രോഗിക്ക് മരുന്ന് മാറിനൽകിയ സംഭവത്തിൽ ജീവനക്കാർക്കെതിരേ അച്ചടക്കനടപടി അടിയന്തരമായെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. മാനസിക വിഭ്രാന്തിയുള്ളവർക്ക് നൽകുന്ന മരുന്നാണ് മാറിനൽകിയത്. അവ്യക്തമായി മരുന്ന് കുറിച്ച ഡോക്ടർക്കെതിരേയും നടപടിക്ക് നിർദേശമുണ്ട്. വലിയ അക്ഷരത്തിൽ വ്യക്തമായി മരുന്ന് കുറിക്കണമെന്നാണ് നിയമം. ഇതാണ് ഡോക്ടർ ലംഘിച്ചത്. ഡോക്ടർക്ക് പുറമേ നാലു ഫാർമസിസ്റ്റുകൾക്കെതിരേയും ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ (വിജിലൻസ്) നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. മേൽനോട്ടമില്ലാതെ ഫാർമസി വിദ്യാർഥികളെക്കൊണ്ട് മരുന്ന് നൽകുകയാണ് ഫാർമസിസ്റ്റുകൾ ചെയ്തത്.

2017 മേയ് 23-ന് ചിറയിൽകീഴ് സ്വദേശിനിക്കാണ് മരുന്ന് മാറിനൽകിയത്. മരുന്ന് കഴിച്ച രോഗി അബോധാവസ്ഥയിലാവുകയും മരണത്തിന്റെ വക്കിലെത്തുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചു.

ഒരു ഫാർമസിസ്റ്റ് സർവീസിൽനിന്നു വിരിമിച്ചു. വിരമിച്ചയാൾക്കെതിരേ നടപടിയെടുക്കാൻ സർക്കാരിന് മാത്രമേ അധികാരമുള്ളൂ. 2018 ജൂൺ 26-ന് അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. റിപ്പോർട്ട് ഇപ്പോഴും സർക്കാരിന്റെ പരിഗണനയിലാണ്. ഇതിൽ നടപടിയെടുക്കാനാണ് കമ്മിഷൻ നിർദേശിച്ചത്.

ജീവനക്കാർക്കെതിരേ അച്ചടക്കനടപടി കൊണ്ടു മാത്രം താൻ തൃപ്തനല്ലെന്ന് പരാതിക്കാരനായ കാട്ടാക്കട വെയിലൂർ സ്വദേശി സുഗതൻ കമ്മിഷനെ അറിയിച്ചു. പരാതിക്കാരന് സിവിൽക്കോടതിയെ സമീപിക്കാമെന്നും കമ്മിഷൻ വ്യക്തമാക്കി