മിന്നൽ ഹർത്താൽ ആഹ്വാനങ്ങൾ വാർത്തയാക്കരുതെന്ന് മാധ്യമങ്ങളോട് ഹൈക്കോടതി.

കൊച്ചി: മിന്നൽ ഹർത്താൽ ആഹ്വാനങ്ങൾ വാർത്തയാക്കരുതെന്ന് മാധ്യമങ്ങളോട് ഹൈക്കോടതി. ഇത്തരം ഹർത്താൽ ആഹ്വാനങ്ങളെ നിയമവിരുദ്ധമായി കണക്കാക്കണം. ജനങ്ങളെ അത് അറിയിക്കാനുളള ഉത്തരവാദിത്തം മാധ്യമങ്ങൾക്കുണ്ടെന്നും കോടതി പറഞ്ഞു.

അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച നടപടിയില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായുള്ള ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന ഈ ഉത്തരവ് ലംഘിച്ചതിനാലാണ് നടപടി.

ജനുവരി മൂന്നാം തീയതി നടന്ന ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. അർധ രാത്രി കഴിഞ്ഞ് ഹര്‍ത്താലിന് ആഹ്വാനം നല്‍കി ജനങ്ങളെ വലയ്ക്കുകയാണെന്ന് ആരോപിച്ച് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഈ ഉത്തരവ്.

ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താലോ മിന്നല്‍ പണിമുടക്കോ പ്രഖ്യാപിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ നിർദേശിച്ചിരുന്നു. കാസർഗോഡ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഒറ്റരാത്രി കൊണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെയാണ് ഇപ്പോള്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

കാസർഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡീന്‍ കുര്യാക്കോസാണ് ഇന്നലെ അർധരാത്രി ഫെയ്സ്ബുക്കിലൂടെ ഹര്‍ത്താല്‍ ആഹ്വാനം നടത്തിയത്. ഡീന്‍ കുര്യാക്കോസ് അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോടതിയലക്ഷ്യ നടപടി അടക്കം നേരിടേണ്ടി വരും.