ആരോഗ്യ, പാർപ്പിട സുരക്ഷയ്ക്ക് മുൻഗണന നൽകി ഇലകമൺ ഗ്രാമപ്പഞ്ചായത്ത് ബജറ്റ്.

ഇലകമൺ: ആരോഗ്യ, പാർപ്പിട സുരക്ഷയ്ക്ക് മുൻഗണന നൽകി ഇലകമൺ ഗ്രാമപ്പഞ്ചായത്ത് ബജറ്റ്. 20 കോടി രൂപ വരവും 19.18 കോടി രൂപ ചെലവും 81 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ബി.എസ്.ജോസ് അവതരിപ്പിച്ചു. പ്രസിഡന്റ് വി.സുമംഗല അധ്യക്ഷയായി.

മാലിന്യസംസ്‌കരണം, കൃഷി എന്നിവയ്ക്കും ബജറ്റിൽ പ്രാധാന്യം നൽകുന്നു. പൊതുശ്മശാനത്തിനായി 33 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. ലൈഫ് ഭവനപദ്ധതിക്ക് ഒരു കോടിയും റോഡ് നിർമാണത്തിന് 1.31 കോടിയും തൊഴിലുറപ്പിന് നാല് കോടിയും കൃഷിക്ക് 78.98 ലക്ഷവും ആരോഗ്യത്തിന് 55.40 ലക്ഷവും വകയിരുത്തി.

ജലസംരക്ഷണത്തിനും കുടിവെള്ള വിതരണത്തിനുമായി 22 ലക്ഷവും വിദ്യാഭ്യാസത്തിന് 39.21 ലക്ഷവും മൃഗസംരക്ഷണത്തിന് 74.68 ലക്ഷവും വയോജന, ഭിന്നശേഷി, അഗതി ക്ഷേമപരിപാടികൾക്കായി 37.47 ലക്ഷവും ശിശുക്ഷേമത്തിനായി 26.50 ലക്ഷവും നീക്കിവച്ചു.

മാലിന്യസംസ്‌കരണത്തിന് 18.43 ലക്ഷവും തെരുവുവിളക്ക് പരിപാലനത്തിന് 17.55 ലക്ഷവും അങ്കണവാടി പോഷകാഹാരത്തിന് 24 ലക്ഷവും വകയിരുത്തി.