ദുരിതങ്ങൾ മാത്രം ബാക്കി, തോട്ടയ്ക്കാട്ട് ജീവിതം ചോദ്യമായ കുടുംബം സഹായം തേടുന്നു

കരവാരം : ജീവിതത്തിന്റെ വേഷപകർച്ചയിൽ പകച്ചുനിൽക്കുകയാണിന്ന് 19കാരിയായ ദീപ. കാൻസർ രോഗിയായ അമ്മ ബേബിക്കും വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വലയുന്ന അമ്മുമ്മ ദേവകിയമ്മയ്ക്കും ഒപ്പം ഷീറ്റിട്ട രണ്ടു മുറി വീട്ടിൽ ജീവിതം തള്ളി നീക്കുന്ന ദീപയ്ക്ക് ഭാവി ജീവിതം വെറും സ്വപ്നം മാത്രമാണ്. പരസഹായമില്ലാതെ ഒന്നിനും കഴിയാത്ത അമ്മയെയും അമ്മുമ്മയെയും ശുശ്രൂഷിക്കുന്നത് ദീപയാണ്.

കരവാരം പഞ്ചായത്തിലെ ആറാം വാർഡായ തോട്ടയ്ക്കാട് കോണത്തുവീട്ടിൽ ദീപയ്ക്ക് പറയാൻ കഥകളേറെയുണ്ട്. കുഞ്ഞിലേ അച്ഛൻ ഉപേക്ഷിച്ചുപോയി. മേസന്റെ കൈയാളായി ജോലി ചെയ്തു കുടുംബം പോറ്റിയ അമ്മ രോഗിയുമായി. തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയിലാണ്. കുടുംബത്തിന് ഒരു താങ്ങാവുമെന്ന് കരുതി പതിനെട്ടാമത്തെ വയസിൽ ബന്ധുക്കൾ കൊണ്ടുവന്ന ആലോചനയ്ക്ക് എതിരഭിപ്രായം പറയാതെ തല കുനിച്ചപ്പോൾ അറിഞ്ഞില്ല തന്റെ ദാമ്പത്യത്തിന് വെറും രണ്ട് മാസത്തെ ആയുസ് മാത്രമേയുള്ളൂവെന്ന്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഭർത്താവിന്റെ ക്രൂര പീഡനം സഹിക്കാനാവാതെ വീട്ടിലേക്ക് മടങ്ങിയെത്തി. അസുഖങ്ങൾ മൂർച്ചിച്ചതോടെ അമ്മയും അമ്മുമ്മയും ദീപയുടെ തണലിലായി. എ.എ.വൈ റേഷൻ കാർഡായതിനാൽ സൗജന്യമായി കിട്ടുന്ന അരി കൊണ്ട് പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നു. ഇരുവരുടെയും ചികിത്സയ്ക്കും, ഭർത്താവിനെതിരെ കുടുംബ കോടതിയിൽ കൊടുത്തിരിക്കുന്ന കേസ്‌ നടത്തിപ്പിനുമൊക്കെയായി മാസം നല്ലൊരു തുകവേണം. എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ഈ നിർദ്ധന കുടുംബം. സുമനസുകളുടെ സഹായം തേടുകയാണ്. ധനലക്ഷ്മി ബാങ്കിന്റെ കല്ലമ്പലം ശാഖയിൽ ബേബിയുടെ പേരിൽ അക്കൗണ്ട്‌ തുറന്നിട്ടുണ്ട് . നമ്പർ : 008503600011984 IFSC CODE: DLSB0000085