അച്ഛന്റെ മരണം മകൻ അറസ്റ്റിൽ, സംഭവം ഇങ്ങനെ..

വെള്ളനാട്: മദ്യലഹരിയിലായിരുന്ന മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ച സംഭവത്തിൽ മകൻ വെള്ളനാട് കുളക്കോട് കിഴക്കുംകര വീട്ടിൽ മകൻ സജീവ് അറസ്റ്റിൽ. ഞായറാഴ്ചയാണ് മർദ്ദനമേറ്റ് പിതാവ് സദാശിവൻ (62) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിൽ മദ്യപിച്ചെത്തിയ സജീവ് പിതാവുമായി വഴക്കിട്ടത്രെ. കൈയേറ്റമായപ്പോൾ സജീവിന്റെ ഭാര്യ ഇരുവരെയും പിടിച്ചുമാറ്റി. ഇതിനിടെ സജീവ് വീട്ടിലുണ്ടായിരുന്ന കമ്പിയെടുത്ത് പിതാവിന്റെ തലയ്‌ക്കടിയ്ക്കുകയായിരുന്നുവെന്ന് സജീവ് ആര്യനാട് പൊലീസിൽ മൊഴി നൽകി. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ സദാശിവനെ വെള്ളനാട്‌ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചെങ്കിലും മകൻ തിരികെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഞായറാഴ്ച സദാശിവന് വീട്ടിൽവച്ച് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ആര്യനാട് സി.ഐ ബി. അനിൽകുമാർ, എസ്.ഐ എസ്.വി. അജീഷ് എന്നിരടങ്ങുന്ന പൊലീസ് സംഘം സജീവിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സജീവ് കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. സദാശിവന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിച്ചു.