എറണാകുളത്ത് ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം.

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം  ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. 5 നിലകളുള്ള ചെരുപ്പ് ഗോഡൗണിനാണ് തീപിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെ  പതിനൊന്നരയോടെയാണ് കെട്ടിടത്തിന് തീപിടിച്ചത് .

18 അഗ്നിശമന സേനാ യൂണിറ്റുകളെത്തിയിട്ടും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. സമീപത്തെ  കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ സമീപ പ്രദേശത്തുനിന്ന് ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്.

കെട്ടിടത്തിന്റെ മധ്യഭാഗത്ത് നിന്നാണ് അഗ്‌നിബാധയുണ്ടായതെന്നാണ് സൂചന. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രഥമിക വിവരം.  കെട്ടിടത്തിൽ നിന്നുയരുന്ന കനത്ത പുകപടലങ്ങൾ രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. തീ അണക്കാനായി കൂടുതല്‍ അ​ഗ്നിസുരക്ഷാസേന ഇവിടേക്ക് തിരിച്ചിട്ടുണ്ട്. റോഡ് ഗതാഗതവും മെട്രോ നിര്‍മാണ ജോലികളും നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.