മുഴുവൻ നഷ്ടങ്ങൾക്കും തുല്യമായ തുക ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കാസർഗോഡ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മിന്നൽ ഹർത്താലിനെതിരെ കർശന നടപടികളുമായി ഹൈക്കോടതി. ഹർത്താലിൻ്റെ പേരിൽ സംസ്ഥാനത്തുടനീളമുണ്ടായ മുഴുവൻ നഷ്ടങ്ങൾക്കും തുല്യമായ തുക യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ത്താലിലെ എല്ലാ കേസുകളിലും ഡീന്‍ കൂര്യാക്കോസിനെ പ്രതിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.  ഒരാഴ്ചത്തെ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തരുതെന്ന ഹൈക്കോടതി നിര്‍ദേശം ലംഘിച്ചതിനാണ് കര്‍ശന നടപടി.

അതേസമയം കാസർഗോഡ് ജില്ലയിലെ ഹർത്താലിന് ആഹ്വാനം ചെയ്തത് യുഡിഎഫാണ് ആണ് എന്ന കാര്യം പരിഗണിച്ച് ജില്ലയിലെ നാശനഷ്ടങ്ങളുടെ ചിലവ് കാസർഗോഡ് യുഡിഎഫ് ചെയർമാൻ എം.സി.കമറൂദീൻ, കൺവീനർ ഗോവിന്ദൻ നായർ എന്നിവരിൽ നിന്നും ഈടാക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഡീൻ കൂര്യാക്കോസുൾപ്പെടെ മൂന്ന് പേർക്കെതിരെയും പ്രേരണാക്കുറ്റത്തിന് കേസെടുക്കാനും ഹർത്താലിലെ നഷ്ടം കണക്കാക്കാൻ കമ്മീഷനെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു.

പെട്ടെന്നുള്ള ഹർത്താലുകൾ ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന കാര്യം പരിഗണിച്ച് ഹർത്താലുകൾ നടത്തുന്നതിന് കോടതി നിബന്ധനകൾ വെച്ചിരുന്നു. ഹർത്താൽ നടത്താൻ ഏഴു ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിക്കണമെന്നായിരുന്നു അന്ന് കോടതി നിർദേശിച്ചിരുന്നത്.  എന്നാൽ കാസർഗോട്ടെ സംഭവത്തിന് പിന്നാലെ അർധരാത്രി ഒരു മണിയോടെയാണ് ഫേസ്ബുക്കിലൂടെ ഹർത്താൽ നടത്തുന്ന കാര്യം ഡീൻ കുര്യാക്കോസ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ പരാതിയിലാണ് ഡീൻ കുര്യാക്കോസിൽ നിന്ന് നഷ്ടം ഈടാക്കാൻ കോടതി ഉത്തരവിട്ടത്.