വിതുരയിൽ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം.: തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

വിതുര: കൊപ്പം ഇറയംകോടിന് സമീപം തൊഴിലുറപ്പ് ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് നേരേ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം. ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 പേർ വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം 3.30ഓടെയാണ് സംഭവം. കൊപ്പം സ്വദേശികളായ ജസ്റ്റസ് (72),​ ലളിത (62),​ മാധവിയമ്മ (65) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഉഷ (47), മുരളി (57), സുദർശനബാബു (51),​ അഖിൽ (21), വത്സല (55), മായ (48), ശാന്ത (51), ശാന്തകുമാരി (56), രജനികുമാരി (42), രഘു (48) എന്നിവർ വിതുര ഗവ. താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കാടു വെട്ടിത്തെളിച്ചുകൊണ്ടുനിന്നവർക്ക് നേരെയാണ് കടന്നൽക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. സഹായിക്കാനെത്തിയവർക്കും പരിക്കുണ്ട്. കടന്നലുകളുടെ ആക്രമണം ഭയന്ന് പ്രദേശവാസികൾ വീടുകൾ അടച്ചിട്ട് അകത്തിരുന്നു. തറയിൽ കൂട് കൂട്ടിയിരുന്ന കടന്നലുകൾ കാടുവെട്ടിയപ്പോൾ കൂട്ടത്തോടെ ഇളകി ആക്രമണം നടത്തുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെയും നാട്ടുകാരുടെയും നിലവിളിയെ തുടർന്ന് ധാരാളം പേർ സ്ഥലത്തെത്തി. ഒാഫീസിൽ ഉണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരിയും വാർഡ്മെമ്പർ ഷാഹുൽനാഥ് അലിഖാനും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കുറച്ച് ദിവസം മുമ്പ് ചിറ്റാറിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു.