7 വർഷത്തിന് ശേഷം ജഗതി ശ്രീകുമാർ ക്യാമറയ്ക്ക് മുന്നിലേക്ക്, സ്വാഗതം ചെയ്ത് ആരാധകർ

മലയാള സിനിമയിലെ ഹാസ്യ രാജാവ് ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചു വരുന്നു. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിനയിക്കാൻ ഒരുങ്ങുന്നത്. ജഗതിയുടെ മകൻ രാജ്കുമാർ ആരംഭിക്കുന്ന പരസ്യ കമ്പനിയായ ‘ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ്’ ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിക്കുക.

അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് താരം വീണ്ടും അഭിനയരംഗത്തേയ്ക്കെത്തുന്നത്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാൽ അച്ഛന്റെ തിരിച്ചുവരവിന് വേഗതകൂടുമെന്ന് ഡോക്ടർമാർ പറഞ്ഞതായി രാജ്കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
തൃശ്ശൂരിലെ തീം പാർക്കിന്റെ

പരസ്യത്തിലൂടെയാണ് ജഗതി ക്യാമറക്ക് മുന്നിൽ എത്തുന്നത്. ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ് ബാനറിൽ നിർമിക്കുന്ന ആദ്യ പരസ്യചിത്രത്തിൽ ജഗതിക്കൊപ്പം മകൻ രാജ്കുമാർ, മകൾ പാർവതി ഷോൺ മറ്റു കുടുംബാംഗങ്ങളും അഭിനയിക്കുന്നുണ്ട്.
2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തമാണ് ജഗതിയെ സിനിമയില്‍ നിന്ന് അകറ്റിയത്. പിന്നീടങ്ങോട്ട് ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകുാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സിനിമാലോകവും.

2015ൽ റിലീസ് ചെയ്ത ദ് റിപ്പോർട്ടർ ആണ് ജഗതിയുടേതായി പുറത്തിറങ്ങിയ അവസാന മലയാളചിത്രം.