വെഞ്ഞാറമൂട്ടിൽ ജന മഹായാത്രയ്ക്ക് സ്വീകരണം

വെഞ്ഞാറമൂട് : ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ഫാസിസ്റ്റ് ശൈലി സ്വീകരിച്ച മറ്റു രാജ്യങ്ങളിൽ എന്തൊക്കെ സംഭവിച്ചോ അതെല്ലാം ഇന്ത്യയിലും ഉണ്ടാവുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജന മഹായാത്രയ്ക്ക് വെഞ്ഞാറമൂട്ടിൽ നൽകി സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കമ്മ്യൂണിസ്റ്റുകൾ കോൺഗ്രസ് അധികാരത്തിൽ വരണമെന്നാഗ്രഹിക്കുമ്പോൾ കേരളത്തിലെ സി.പി.എം നേതാക്കൾക്കു മാത്രമാണ് ഇക്കാര്യത്തിൽ എതിരഭിപ്രായമുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്‌നാൻ യോഗം ഉദ്ഘാടനം ചെയ്തു. വാമനപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ അദ്ധ്യക്ഷനായിരുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി, രാജ്‌മോഹൻ ഉണ്ണിത്താൻ, വി.എസ്. ശിവകുമാർ, നെയ്യാറ്റിൻകര സനൽ, ജയപ്രകാശ്, ഇ.ഷംസുദ്ദീൻ, രമണി പി. നായർ, ആനക്കുഴി ഷാനവാസ് എന്നിവർ സംസാരിച്ചു.