ജനങ്ങളുടെ സ്വപ്നം യാഥാർഥ്യത്തിലേക്ക്: കാട്ടുമുറാക്കലിൽ പുതിയ പാലം വരുന്നു

കിഴുവിലം : നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിയിച്ച് കൊണ്ട് കോരാണി – ചിറയിൻകീഴ് റോഡിൽ കാട്ടുമുറാക്കലിൽ പുതിയ പാലം നിർമ്മിക്കുന്നു. ഒപ്പം കോരാണി, പുളിമൂട്, ചെറുവള്ളിമുക്ക്, ചിറയിൻകീഴ്, പണ്ടകശാല, ചെക്കാലവിളാകം റോഡ് ആധുനിക രീതിയിൽ പുനർ നിർമ്മിക്കുകയും ചെയ്യും. നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം കിഴുവിലം കാട്ടുമുറാക്കൽ ജംഗ്‌ഷനിൽ ഇന്ന് വൈകുന്നേരം 4 ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിക്കും.

വീതി കൂടിയ റോഡിൽ ചെറിയ പാലം ചിറയിൻകീഴ് കോരാണി റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ പ്രധാന പരാതിയായിരുന്നു. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്ന ഈ റോഡിൽ, ഇടുങ്ങിയ പാലത്തിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്നത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാവുകയായിരുന്നു. ഇതിനു ശാശ്വത പരിഹാരമാണ് കാട്ടുമുറാക്കലിൽ വീതി കൂടിയ പുതിയ പാലം നിർമ്മിക്കുന്നത്.

ചിറയിൻകീഴ് താലൂക്ക് ആശുപത്രി, സൂപ്പർ സ്പെഷ്യലിറ്റി ആകുമ്പോഴും ചിറയിൻകീഴ് റയിൽവേ ഓവർ ബ്രിഡ്ജ്, അഞ്ചുതെങ് തീരദേശ ഹൈവേ, വിവിധ ടൂറിസം പദ്ധതികൾ, തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ചിറയിൻകീഴിൽ യാഥാർഥ്യമാകുമ്പോൾ ചിറയിൻകീഴ് കോരാണി റോഡും പാലവും കൂടുതൽ ഉപയോഗപ്രദമാവും. ഇത് മുന്നിൽ കണ്ടാണ് ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ഇടപെടലിലൂടെ പുതിയ പാലം നിർമ്മിക്കുന്നത്.

വാട്ടർ പൈപ്പ് ലൈനുകളും കേബിളുകളും കടന്ന് പോവുന്നതിനുള്ള സൗകര്യങ്ങളും പാലത്തിൽ ഏർപ്പെടുത്തും. സുരക്ഷിതമായ ഗതാഗതത്തിനായി ട്രാഫിക് സൈൻ ബോർഡുകളും റോഡ് മാർക്കിംഗുകളും ഏർപ്പെടുത്തും.