തട്ടുകടയിൽ സംഘർഷം: കണിയാപുരത്ത് 4പേർക്ക് കുത്തേറ്റു

കണിയാപുരം : കണിയാപുരം ആലുംമൂട് ജംഗ്ഷനിലെ തട്ടുകയിൽ രാത്രി ഇരുകൂട്ടർ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് ആട്ടോറിക്ഷ ഡ്രൈവർമാർ അടക്കം അഞ്ചുപേർക്ക് കുത്തേറ്റു. മംഗലപുരം ആട്ടോറിക്ഷ സ്റ്രാൻഡിലെ ഡ്രൈവർ അനസ്,​ ര‍ജ്ഞിത്ത്,​ റിജു,​ വിപിൻ,​ ജിതിൻ എന്നിവർക്കാണ് നെഞ്ചിലും മുതുകിലും കൈയിലും കുത്തേറ്റത്. പൊലീസ് ഇവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 11മണിയോടെയാണ് സംഭവം.

പൊലീസ് പറയുന്നതിങ്ങനെ:

ആറ്റുകാൽ പൊങ്കാല ഓട്ടത്തിന് കിട്ടിയ കാശുകൊണ്ട് ആട്ടോറിക്ഷ ഡ്രൈവർമാരായ നാലുംപേരും സുഹൃത്തുക്കളായ മറ്റുരണ്ടുപേരും ചേർന്ന് മദ്യപിച്ച ശേഷം എല്ലാവരും മംഗലപുരത്തു നിന്ന് കണിയാപുരത്തെ തട്ടുകടയിൽ ആഹാരം കഴിക്കാൻപോയി. മദ്യലഹരിയിലായിരുന്ന ഇവർ അവിടെ ഭക്ഷണം കഴിക്കാൻ വന്ന രണ്ടുപേരുമായി വാക്കുതർക്കത്തിലാവുകയും അവരെ മർദ്ദിക്കുകയും ചെയ്തു. പ്രാണരക്ഷാർത്ഥം രണ്ടുപേരും ചെറിയ കത്തികൊണ്ട് ഇവരെ കുത്തിപരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ഇവരെ പിടികൂടാനായില്ല. കുത്തേറ്റ അനസിന്റെ മൊഴിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെ, സംഘട്ടനമുണ്ടായ സ്ഥലത്തുനിന്ന് കുറച്ചകലെ ഗ്രാമീണ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ ഇന്നലെ രാവിലെ ചോരക്കറ കാണാനിടയായി. ഇത് ഭയപ്പാടുണ്ടാക്കി. അതോടെ എ.ടി.എം അടച്ചിട്ടു. ബാങ്ക് അധികൃതർ സി.സി ടിവി കാമറ പരിശോധിച്ചപ്പോൾ കുത്തുകൊണ്ടതിൽ ഒരാൾ ചോരയൊലിപ്പിച്ച് എ.ടി.എമ്മിൽ എത്തിയതാണെന്ന് മനസിലായി. ആശുപത്രിയിലേക്ക് പോകാൻ പൈസയെടുക്കാനെത്തിയതാകാമെന്ന് പൊലീസ് പറഞ്ഞു.