സ്വകാര്യ മേഖലയെക്കാൾ മെച്ചപ്പെട്ട സേവനവും സൗകര്യവും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന നിലയിലേയ്ക്ക് സർക്കാർ ആശുപത്രികൾ മാറി – കടകംപള്ളി സുരേന്ദ്രൻ

കരകുളം : സ്വകാര്യ മേഖലയെക്കാൾ മെച്ചപ്പെട്ട സേവനവും സൗകര്യവും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന നിലയിലേയ്ക്ക് സർക്കാർ ആശുപത്രികൾ മാറിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.കരകുളം ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രത്തിന് 30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പുതുതായി ആരംഭിച്ച ബഡ്‌സ് സ്‌കൂളിന്റെ പ്രവർത്തനോദ്‌ഘാടനം ഡോ.എ.സമ്പത്ത് എം.പി നിർവഹിച്ചു.ദേശീയ-സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങൾ ലഭിച്ച നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജുവിനെ ആദരിച്ചു. പൊതുവഴിയിൽ മാലിന്യ നിക്ഷേപം നടത്തുന്നതിന്റെ രണ്ടു വീഡിയോ ദൃശ്യങ്ങൾ പകർത്തി നൽകിയ വഴയില സംയുക്ത ശുചീകരണ സമിതി ഭാരവാഹികൾക്ക് പാരിതോഷികമായി പതിനായിരം രൂപ എം.പി സമ്മാനിച്ചു. ജില്ലാപഞ്ചായത്തംഗം ഉഷാകുമാരി,വൈസ് പ്രസിഡന്റ് പ്രമോദ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അനില സ്വാഗതവും വാർഡ് മെമ്പർ എസ്.ലത നന്ദിയും പറഞ്ഞു.