കിളിമാനൂരിൽ മകന്റെ ഓർമയ്ക്ക് നിരാലംബരായ ഒരമ്മയ്ക്കും മകനും ആശ്വാസമായി ദമ്പതികൾ.

കിളിമാനൂർ: അകാലത്തിൽ മരിച്ച മകന്റെ സ്മരണയ്ക്കായി നിരാലംബരായ ഒരമ്മയ്ക്കും മകനും തണലൊരുക്കാൻ ദമ്പതികൾ. കിളിമാനൂരിലെ ജീപ്പ് ഡ്രൈവറായ പുതിയകാവ് ചേനവിള വീട്ടിൽ സനൽകുമാർ-സിനി എന്നിവരാണ‌് മകൻ നിതിന്റെ ഓർമയ്ക്കായി കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി മണികണ്ഠനും അമ്മ ലതികയ്ക്കും  തണലാകുന്നത‌്.  ഇവർക്ക‌് തങ്ങൾക്ക‌് ആകെയുള്ള 59.5 സെന്റ‌് വസ്തുവിൽനിന്ന‌് അഞ്ച് സെന്റ‌് ഭൂമി സൗജന്യമായി നൽകി. പഠനത്തിൽ മിടുക്കനായിരുന്ന നിതിന് പത്താം ക്ലാസിൽ 8 വിഷയങ്ങളിൽ എ പ്ലസും 2 വിഷയത്തിന് എ ഗ്രേഡും ഉണ്ടായിരുന്നു. എന്നാൽ, എല്ലാ വിഷയങ്ങളിലും എ പ്ലസ് പ്രതീക്ഷിച്ചിരുന്ന നിതിന് അത് ലഭിക്കാതെ വന്നതോടെ കഴിഞ്ഞ മേയ് 12ന് ആത്മഹത്യ ചെയ്തു. ഇവർക്ക് ജിത്ത്, ജിതിൻ എന്ന രണ്ട് മക്കൾകൂടിയുണ്ട്.  സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത മണികണ്ഠനും അമ്മയും നഗരൂർ തോട്ടയ്ക്കാട് വിളയിൽ വീട്ടിൽ  വാടകയ്ക്ക് താമസിക്കുകയാണ‌് .  റേഷൻ കാർഡ്  ഇല്ലാത്തതുകൊണ്ട് സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. ഇതിനിടയിൽ രോഗശയ്യയിലായിരുന്ന അച്‌ഛൻ ബാലകൃഷ്ണൻ ഒക്ടോബറിൽ മരിച്ചു. അടുത്തുള്ള ബേക്കറിയിൽ ശുചീകരണജോലി ചെയ്താണ് ഭർത്താവിന്റെ മരുന്നിനും മകന്റെ പഠനത്തിനുമുള്ള വക ലതിക കണ്ടെത്തിയിരുന്നത്. അച്ഛന്റെ  മരണവുമായി വീട്ടിലെത്തിയപ്പോഴാണ് മണികണ്ഠന്റെ അവസ്ഥ ക്ലാസ് ടീച്ചർ റാണി അറിയുന്നത്. കഴിഞ്ഞദിവസം സ്കൂളിൽ നടന്ന വാർത്താസമ്മേളനത്തിൽ  മണികണ്ഠനും അമ്മയ‌്ക്കും ഭൂമി നൽകാനുള്ള സമ്മതപത്രം കൈമാറി. ഭൂമി ലഭിച്ചതോടെ ഇനി ഒരു വീടെന്ന സ്വപ്നമാണ് ഇവർക്ക് മുന്നിൽ ബാക്കിയാകുന്നത്