കിളിമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി

കിളിമാനൂർ: ജനമൈത്രി പൊലീസ് എങ്ങനെ ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്നതിന് മികച്ച മാതൃകയായിരുന്ന കിളിമാനൂർ ജനമൈത്രി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയകാവ് ജനകീയ സമിതി യാത്രയയപ്പ് നൽകി. കിളിമാനൂർ സ്റ്റേഷനിലെ സി.ഐ പി. അനിൽകുമാർ, എസ്.ഐ ബി.കെ. അരുൺകുമാർ എന്നിവർക്കാണ് ജനകീയ സമിതി യാത്രയയപ്പ് നൽകിയത്.തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഇരുവർക്കും കൊല്ലം ജില്ലയിലേക്ക് സ്ഥലം മാറ്റമായത്. പുതിയകാവ് ജനകീയ സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ വച്ച് ഇരുവർക്കും മൊമന്റോ നൽകി ആദരിച്ചു. ചടങ്ങ് ജനകീയസമിതി സെക്രട്ടറിയും കിളിമാനൂർ പഞ്ചായത്തംഗവുമായ ബി.എസ്. റജി ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മൽ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ യു.എസ്. സുജിത്ത്, ജനകീയ സമിതി പ്രസിഡന്റ് കെ. ബാബു, രതീഷ് പോങ്ങനാട്, സുഗുണൻ, ജനകീയ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കിളിമാനൂർ മേഖലയിൽ കാമറകൾ സ്ഥാപിക്കാനായി അമ്പതിനായിരം രൂപ നൽകിയ സുഗുണനെ സി.ഐ അനിൽകുമാർ ആദരിച്ചു.