കിളിമാനൂരും പരിസരവും വേനൽ ചൂടിൽ കരിഞ്ഞുണങ്ങുന്നു

കിളിമാനൂർ: വേനൽ കഠിനമായതോടെ കിളിമാനൂരിലെയും പരിസരപ്രദേശങ്ങളിലെയും കൃഷിയിടങ്ങളിലെ വാഴ, കുരുമുളക്, റബർതൈ, തെങ്ങിൻ തൈ, പച്ചക്കറികൾ തുടങ്ങിയവ ഉണങ്ങി നശിച്ചു. കിളിമാനൂർ, പുതിയകാവ്, തൊളിക്കുഴി, അടയമൺ എന്നിവടങ്ങളിലെ നിരവധി വാഴത്തോട്ടങ്ങളിലെ വാഴകൾ കരിഞ്ഞുണങ്ങി. തൊളിക്കുഴി മാരുത മന്ദിരത്തിൽ ലൈജുവിന്റെ രണ്ടേക്കർ പുരയിടത്തിലെ ഇരുന്നൂറോളം വാഴകൾ പൂർണമായും കരിഞ്ഞുണങ്ങി. വേനൽ ഇങ്ങനെ തുടർന്നാൽ ജലാശയങ്ങളിലെയും കിണറുകളിലെയും ജലം പൂർണമായും വറ്റുകയും കൂടുതൽ നാശനഷ്ടമുണ്ടാകുകയും ചെയ്യുമെന്ന ഭയത്തിലാണ് കർഷകർ.