
തിരുവനന്തപുരം : പടിഞ്ഞാറേക്കോട്ടയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ ദാരുണമായി മരിച്ചു. പടിഞ്ഞാറേക്കോട്ട എൻഎസ്എസ് സ്കൂളിന് സമീപം എയർപോർട്ട് റോഡിലാണ് തിങ്കളാഴ്ച അർധരാത്രിയോടെ അപകടമുണ്ടായത്. ലോറിയിൽ ഇടിച്ച ബൈക്കിനെ വലിച്ചിഴച്ച് ലോറി മുന്നോട്ടുനീങ്ങിയപ്പോൾ ഉണ്ടായ അഗ്നിബാധയിൽ ബൈക്കും ലോറിയും കത്തി നശിച്ചു.
ബൈക്ക് യാത്രക്കാരായ രണ്ടുപേരുടെയും ശരീരം ഛിന്നഭിന്നമായി. മരിച്ചവരിൽ ഒരാൾ കല്ലറ അഭിവിലാസത്തിൽ ശശിധരന്റെ മകൻ അഭിലാൽ (23) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തെയാളുടെ വിവരം ലഭ്യമായിട്ടില്ല. ഇരുവരും ധരിച്ച യൂണിഫോം വച്ച് പാറ്റൂർ ആർടെക് മാളിലെ ജീവനക്കാരാണെന്ന് സംശയിക്കുന്നു. ബൈക്ക് ഓടിച്ച അഭിലാലിന്റെ ശരീരം ചിതറിയനിലയിലായിരുന്നു. ലോറിക്കടിയിലകപ്പെട്ട ബൈക്ക് റോഡിലുരഞ്ഞ് നീങ്ങിയതാണ് അഗ്നിബാധയ്ക്ക് കാരണം. ഓടിക്കൂടിയ പരിസര വാസികൾ വിവരമറിയിച്ചതിനെതുടർന്ന് കുതിച്ചെത്തിയ ഫയർഫോഴ്സും പൊലീസും നടത്തിയ കഠിനാധ്വാനത്തിൽ വൻഅഗ്നിബാധ ഉടൻ നിയന്ത്രണവിധേയമാക്കി. ബൈക്ക് പൂർണമായും ചാമ്പലായി.
ഇഷ്ടിക കയറ്റിപോകുകയായിരുന്ന ലോറിയുടെ മുൻ ഭാഗം പൂർണമായി കത്തി നശിച്ചു. കെ എൽ 19 എച്ച് 9539 ബൈക്കും ടി എൻ 74 ബി 3366 ലോറിയുമാണ് അപകടത്തിൽ പെട്ടത്. ലോറി ജീവനക്കാർ ഇറങ്ങിയോടി. ഇവർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയതായും അറിയിന്നു. പൂന്തുറ സിഐ എസ് എൽ സജിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ സ്റ്റേഷനിലെയും സമീപ സ്റ്റേഷനുകളിലെയും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.