നവീകരിച്ച ലോവർ മീൻമുട്ടി ഹൈഡൽ ടൂറിസം 25ന് ഉദ്ഘാടനം ചെയ്യും. 

പാലോട് : കാഴ്ചയ്ക്കും മനസ്സിനും കുളിർമയേകുന്ന ഭൂപ്രകൃതിയാണ് മീൻമുട്ടിയുടേത്. തിരുവനന്തപുരം– ചെങ്കോട്ട റോഡിൽനിന്ന‌് കിലോമീറ്ററുകൾ മാത്രമകലെ ഗ്രാമീണതയുടെ നൈർമല്യം അലയടിക്കുന്ന പ്രദേശം. വാമനപുരം നദിയുടെ തീരങ്ങളിൽ പച്ചപ്പണിഞ്ഞു നിൽക്കുന്ന നാട്ടിൻപുറം. 2006-ൽ കെഎസ്ഇബി ചെറുകിട ജലവൈദ്യുതി ഉൽപ്പാദനവുമായി ബന്ധപ്പെട്ട് ലോവർ മീൻമുട്ടി ഹൈഡൽ ടൂറിസം പദ്ധതി ആരംഭിച്ചതോടു കൂടിയാണ് ടൂറിസം വകുപ്പിന്റെ ഭൂപടത്തിൽ മീൻമുട്ടിയും ഇടംനേടുന്നത്. നവീകരിച്ച ലോവർ മീൻമുട്ടി ഹൈഡൽ ടൂറിസം 25ന്  മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും.

സഞ്ചാരികൾക്കായി ആറു പേർക്ക് ഇരിക്കാവുന്ന ഒഴുകിനടക്കുന്ന കോഫി ഹൗസും  പെഡൽ ബോട്ടുകളും  കുട്ടികൾക്ക് വേണ്ടിയുള്ള പാർക്കും  ചിത്രശലഭ പൂന്തോട്ടവും ഉൾപ്പെടുന്ന ടൂറിസം പദ്ധതി കഴിഞ്ഞ എൽഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് 2006 ഡിസംബർ 23ന് മന്ത്രി എ കെ ബാലനാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് മികവുറ്റ രീതിയിൽ പ്രവർത്തനം നടക്കുകയായിരുന്നു. മലയോര നാടിന്റെ വശ്യസൗന്ദര്യം ആസ്വദിക്കാനെത്തുന്ന  സഞ്ചാരികൾക്ക് പൊന്മുടിയും ബ്രൈമൂറും പോലെ ഒഴിച്ചുകൂടാനാകാത്ത സ്ഥലമായി മീൻമുട്ടിയും മാറുകയായിരുന്നു. വിദേശികളടക്കമുള്ള സഞ്ചാരികൾ മീൻമുട്ടിയിലേക്ക് ഒഴുകിയെത്തിത്തുടങ്ങിയിരുന്നു. കേരള ഹൈഡൽ ടൂറിസം സെന്റർ  നടപ്പിലാക്കിയ ലോവർ മീൻമുട്ടി ഹൈഡൽ ടൂറിസം ജില്ലയുടെ തന്നെ അഭിമാന പദ്ധതികളിലൊന്നായിരുന്നു. എന്നാൽ, തുടർന്ന് അധികാരത്തിൽ വന്ന യുഡിഎഫ് ഗവൺമെന്റ‌് പദ്ധതിയെ പൂർണമായും അവഗണിക്കുകയായിരുന്നു.

സാധ്യതകൾ കണ്ടെത്തി വിപുലപ്പെടുത്തുന്നതിനോ നിലനിർത്തുന്നതിനോ വേണ്ടിയുള്ള ഒരു നടപടിയും യുഡിഎഫ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.

അതുകൊണ്ടു തന്നെ കാടുമൂടി ഇഴജന്തുക്കളുടെ താവളമായും സാമൂഹ്യവിരുദ്ധരുടെ ആവാസകേന്ദ്രമായും മീൻമുട്ടി മാറി. ഒരു ഘട്ടത്തിൽ നിർത്തലാക്കാൻ പോലും ആലോചനയുണ്ടായി. അവഗണനയുടെ നിലയില്ലാക്കയത്തിൽപ്പെട്ട് ഹൈഡൽ ടൂറിസം നശിച്ചു. എന്നാൽ, വീണ്ടും എൽഡിഎഫ് സർക്കാർ വന്നതോടെ മീൻമുട്ടി ഹൈഡൽ ടൂറിസം പദ്ധതിക്ക‌് പുനർ ജീവൻവയ്ക്കുകയാണ്.

ഡി കെ മുരളി എംഎൽഎ പദ്ധതിയുടെ നവീകരണത്തിനു വേണ്ടി നിയമസഭയിൽ ആവശ്യപ്പെടുകയും സർക്കാർ തലത്തിൽനിന്ന് അനുകൂല തീരുമാനം കൈക്കൊള്ളുകയും ചെയ്തു.

എംഎൽഎ മുൻകൈയെടുത്ത് 35 ലക്ഷം രൂപ മുടക്കി മീൻമുട്ടി ഹൈഡൽ ടൂറിസത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തി. നാല് പെഡൽ ബോട്ടുകളും ഒരു സ്ലോ സ്പീഡ് ബോട്ടും കുട്ടികൾക്കായുള്ള അമ്യൂസ്മെന്റ‌് പാർക്കും പുതുതായി ഒരുക്കി.  മലയോരനാടിന്റെ ടൂറിസം സാധ്യത എൽഡിഎഫ് സർക്കാരിന്റെയും എംഎൽഎയുടെയും സമയോചിതമായ ഇടപെടൽ കൊണ്ട് മുഖം മിനുക്കുകയാണ്.

വലിയൊരു ടൂറിസം വികസനവും തൊഴിലവസരവുമാണ‌് ഇതിലൂടെ തെളിയുന്നത‌്. മാസങ്ങൾക്കകം ചെല്ലഞ്ചി പാലവും പണിപൂർത്തിയാകുന്നതോടെ കല്ലറ–- കാരേറ്റ് എംസി റോഡിലേക്ക് ഇവിടെനിന്നുള്ള ദൂരം പത്തു കിലോമീറ്ററായി ചുരുങ്ങും. ഹിൽ ടൂറിസത്തെയും തീരദേശ ടൂറിസത്തെയും ഇതിലൂടെ  ബന്ധിപ്പിക്കാൻ കഴിയുകയും അതുവഴി ടൂറിസത്തിന്റെ അനന്തസാധ്യതകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

ഫിഷറീസ് വകുപ്പുമായി ചേർന്നുള്ള അക്വേറിയവും സഹകരണ സംഘങ്ങളുമായി ചേർന്നുള്ള അമ്യൂസ്മെന്റ് പാർക്കും ഭാവി പ്രവർത്തനങ്ങളിൽ മുന്നിലുണ്ട്.