ജലക്ഷാമം ;മാമം കമുകറ ഏലാ കരിഞ്ഞുണങ്ങുന്നു

കിഴുവിലം : വേനൽ കടുത്ത് ജലക്ഷാമം രൂക്ഷമായതോടെ മാമം കമുകറ ഏലായിലെ നെൽച്ചെടികൾ കരിഞ്ഞുണങ്ങി കർഷകർ ദുരിതത്തിൽ. കിഴുവിലം ഗ്രാമ പഞ്ചായത്തിലെ വലിയ പാടശേഖരങ്ങളിൽ ഒന്നാണ് മാമം കമുകറ നെൽപ്പാടം.

കഴിഞ്ഞ തവണ നല്ലവിളവും ലാഭവും ഉണ്ടായിരുന്നതിനാലാണ് ജനപ്രതിനിധികളുടെയും കൃഷിഭവന്റെയും സഹകരണത്തോടെ ഇക്കുറി 7 ഹെക്ടർ കൃഷി ചെയ്യാൻ കർഷകർ മുന്നോട്ടുവന്നത്.
എന്നാൽ ജലസേചന സൗകര്യം നിലച്ചത് കർഷകർക്ക് പ്രശ്നമായി.

മാമം പാലത്തോട് ചേർന്ന് മാമം ആറിലുള്ള അണയിൽ നിന്ന് കൈത്തോട് വഴി നാഷണൽ ഹൈവേ റോഡിനടിയിലൂടെ കൊണ്ട് വന്ന് പാടത്ത് എത്തിച്ചാണ് ജലസേചന സൗകര്യം ഒരുക്കുന്നത്.എന്നാൽ കഴിഞ്ഞ കാലവർഷത്തിൽ റോഡിനടിയിലുള്ള കുഴലിൽ മണ്ണ് നിറഞ്ഞ് അണ തോട് വെള്ളം വരാത്ത വിധം തടസ്സപ്പെടുകയുണ്ടായി.അണ തോടിലെ മണ്ണ് നീക്കം ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല. 70 മീറ്റർ നീളമുള്ള റോഡിനടിയിലുള്ള ഈ തോട് വളരെ ഇടുങ്ങിയതാണ്. ഒരാൾക്ക് കമിഴ്ന്നു കിടന്ന് അകത്തു കടന്നു വേണം മണ്ണ് നീക്കം ചെയ്യുവാൻ.വായു സഞ്ചാരം കുറവായതിനാൽ ശ്വാസ തടസ്സം ഉണ്ടാകുമെന്ന ഭയത്താൽ മിക്ക തൊഴിലാളികളും ഈ ജോലി ചെയ്യുവാൻ തയ്യാറി വരുന്നില്ല. മാത്രമല്ല തോടിനു മുകളിൽ വലിയമരം നിൽക്കുന്നതിനാൽ അതിന്റെ വേരുകൾ വളർന്ന് തൊട്ടിലിറങ്ങുന്നതും വെള്ളം പോകുന്നതിന് തടസം സൃഷ്ടിക്കുന്നു. എങ്കിലും കർഷകർ സ്വയം പിരിവ് എടുത്ത് തോട് വൃത്തിയാക്കുവാൻ ശ്രമം നടത്തിയെങ്കിലും തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയും ഭീമമായ കൂലി ചെലവും കാരണം അത് നടന്നില്ല.അതിനാൽ കൃഷി വകുപ്പോ മൈനർ ഇറിഗേഷൻ വകുപ്പോ ഈ ജോലി ഏറ്റെടുത്ത് ചെയ്യുവാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ജലസേചന സൗകര്യം ഒരുക്കിയില്ലെങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാകും കർഷകർക്ക് ഉണ്ടാകുന്നത്.