നാവായിക്കുളത്ത് സ്കൂളുകൾക്ക് സമീപം പ്രവർത്തിച്ചിരുന്ന അനധികൃത ചന്തയ്ക്കു മാറ്റം

നാവായിക്കുളം: നാവായിക്കുളത്ത് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകൾക്ക് സമീപം പ്രവർത്തിച്ചിരുന്ന അനധികൃത ചന്തയുടെ സമയം മാറ്റാൻ തീരുമാനമായി.

സ്കൂളിലേക്ക് വിദ്യാർത്ഥികൾ വരുന്ന, തിരക്കേറിയ സമയമായ രാവിലെ 9.30 നായിരുന്നു ചന്ത കൂടിയിരുന്നത്. ഈ സമയം അമിത വേഗതയിലെത്തുന്ന മീൻ വണ്ടിയിടിച്ചും മറ്റും വിദ്യാർത്ഥികൾ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പതിനഞ്ചോളം അപകടങ്ങളാണ് ഇത്തരത്തിൽ നടന്നത്. തുടർന്നാണ്‌ ചന്തയുടെ സ്ഥലമോ സമയമോ മാറ്റണമെന്ന ആവശ്യം ശക്തമായത്. ഇനി മുതൽ രാവിലെ പത്തു മണി കഴിഞ്ഞ് മുഴുവൻ വിദ്യാർത്ഥികളും സ്കൂളിൽ പ്രവേശിച്ച് ഫസ്റ്റ് ബെല്ലും സെക്കൻഡ് ബെല്ലും മുഴങ്ങി ഈശ്വര പ്രാർത്ഥനയും കഴിഞ്ഞ ശേഷമേ ചന്ത പ്രവർത്തിക്കൂവെന്ന് മത്സ്യ വ്യാപാരികൾ പറഞ്ഞു. റോഡിനിരുവശത്തായി പ്രവർത്തിക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെയും, ഗവ. എൽ.പി.എസിലെയും വിദ്യാർത്ഥികൾക്ക് ഭീഷണിയായിരുന്ന അനധികൃത ചന്തയുടെ പ്രവർത്തനസമയം മാറ്റിയതോടെ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾക്ക് ഒരു പരിധിവരെ പരിഹാരമായി. റോഡിന്റെ ഇരുവശവും മത്സ്യവ്യാപാരികളെയും വഴിയോര കച്ചവടക്കാരെയും കൊണ്ടുനിറയുന്നതും ചന്തയിൽ വരുന്നവരുടെ തിരക്കും ഇരുചക്ര വാഹനങ്ങളിൽ ചീറിപ്പായുന്ന പൂവാലൻമാരും, ചന്ത പിരിയുന്നതിനു മുൻപെത്താനായി അമിത വേഗമെടുക്കുന്ന മീൻ വണ്ടികളും വിദ്യാർത്ഥികൾക്ക് ഭീഷണിയായിരുന്നു. മൂന്ന് ദിവസം മുൻപ് രാവിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയായ നൈനാംകോണം ചരുവിള വീട്ടിൽ വിജിയെ ബൈക്കിടിച്ചതാണ് ഒടുവിലത്തെ അപകടം. ഇടിച്ച ബൈക്ക് നിറുത്താതെ പോയിരുന്നു. തുടർന്നാണ്‌ ചന്തയുടെ സമയത്തിൽമാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായത്.