മരവും കാടും വെട്ടി, വാനരന്മാർ നാട്ടിലിറങ്ങി അക്രമം

മുദാക്കൽ : നാടും നഗരവും വികസനത്തിന്റെ പേരിൽ വെട്ടി മൂടിയ മരങ്ങളും കാടുകളും ഒരുപാട് ജീവനുകളുടെ വാസസ്ഥലം നഷ്ടമാക്കി. അതോടെ കാട്ടിൽ താമസിച്ചിരുന്ന വാനരന്മാർ നാട്ടിലേക്ക് ഇറങ്ങി. തുടർന്ന് വീടുകളിലും പൊതുസ്ഥലങ്ങളിലും പ്രശ്നങ്ങളും സൃഷ്ടിക്കാൻ തുടങ്ങി. ഇത് ഗുണ്ടാസംഘങ്ങളോ വ്യക്തികളോ അക്രമം അഴിച്ചുവിട്ടതല്ല. കാടിന്റെ മക്കൾ നാട്ടിൽ ഇറങ്ങിയപ്പോൾ ബുദ്ധികൊണ്ടും ശക്തികൊണ്ടും താനാണ് വലുത് എന്നു അഹങ്കരിക്കുന്ന മനുഷ്യർ ഇവരുടെ പരാക്രമങ്ങൾക്ക് മുൻപിൽ നിസഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.

മുദാക്കൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് വാനരന്മാരുടെ അക്രമം അധികരിക്കുന്നത്. മുദാക്കൽ പഞ്ചായത്തിലെ ഇളമ്പ, അയിലം ,ചേങ്കോട്ട് കോണം പ്രദേശങ്ങളിൽ ഇവയുടെ അക്രമം പെരുകുന്നു.

വാനരന്മാർ കൃഷിയിടങ്ങളും വാഴത്തോട്ടങ്ങളും നശിപ്പിക്കുന്നത് പതിവാകുന്നു. വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ കെട്ടിയിട്ടിരിക്കുന്ന വാഴക്കുലകൾ സഹിതം കട്ട് തിന്നുകയാണ്. ഇവയുടെ ശല്യം സഹിക്കവയ്യാതെ ജനങ്ങൾ പൊറുതിമുട്ടുകയാണ്.ഇപ്പോൾ ഒരു സാധനവും പുറത്തു വെക്കാൻ കഴിയാത്ത അവസ്ഥയാണ് . മാത്രമല്ല ആളില്ലാത്ത വീടുകളിൽ കയറി വീട്ടുപകരണങ്ങളും ഭക്ഷ്യസാധനങ്ങളും വലിച്ചുവാരിയിടുകയും വിലകൂടിയ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ വാനരന്മാരുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അധികൃതർ എത്രയുംവേഗം ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.