വേനൽ കടുക്കുന്നു, മുടപുരത്ത് മഴ കാത്ത് കർഷകർ

മുടപുരം: ജലസേചന സൗകര്യമില്ലാത്തതിനാൽ മുടപുരം ഏലായിലെ 10 ഹെക്ടർ നെൽകൃഷി കരിഞ്ഞുണങ്ങുന്നു. വേനലിലെ കാഠിന്യം മൂലം മഴപെയ്തില്ലെങ്കിൽ കതിര് വന്ന നെൽച്ചെടി നശിച്ച് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകും. മുടപുരം ഏലായിൽ ജലസേചന സൗകര്യം ഒരുക്കണമെന്ന് അനേകവർഷങ്ങളായി കർഷകർ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപ്പിലാക്കുന്നില്ല. തോട്ടത്തിൽ കാവിൽ നിന്നും വരുന്ന മുക്കോണി തോട്ടിലും നാറാങ്ങൽ ഏലായിൽ നിന്നും വരുന്ന തോട്ടിലും കണ്ടുകൃഷി കുളത്തിൽനിന്നും വരുന്ന തോട്ടിലും ജലസേചന സൗകര്യം ഒരുക്കുവാൻ സംവിധാനം ഇല്ലാത്തതു കൊണ്ടാണ് കർഷകർക്ക് മഴയെ ആശ്രയിക്കേണ്ടി വരുന്നത്. ഏലായോട് ചേർന്ന് കുളമില്ല, എന്നിട്ടും മറ്റിടങ്ങളിൽ നിന്നും ആവശ്യത്തിന് വെള്ളമെത്തിക്കുവാൻ കഴിയുന്നുമില്ല. മണലിൽ തോട്ടിലും മുക്കോണി തോട്ടിലും തെങ്ങുംവിള തോട്ടിലും മൂന്നടി പൊക്കത്തിന് നാല് ചെക്ക് ഡാമുകൾ നിർമ്മിച്ചാൽ അവയിൽ വെള്ളം സംഭരിച്ച് കൃഷി ചെയ്യുവാൻ കഴിയും. ഇതിന്‌ പുറമെ ചിറയിൽനിന്ന് വർഷങ്ങളായി ഉപ്പുവെള്ളം കയറുന്നതാണ് കർഷകരുടെ മറ്റൊരു പ്രശ്നം. ഉപ്പുവെള്ളം കയറി പലപ്പോഴും കൃഷി നശിച്ചു പോകുന്നുണ്ട്. ഇത് പരിഹരിക്കുവാനായി തെങ്ങുംവിള തോട്ടുമുക്കിൽ നിന്നും അക്കരവിള തോട്ടുമുക്ക് വരെ നാലടി വീതിയിൽ ഒരു തടയണ നിർമ്മിച്ചാൽ ഉപ്പുവെള്ളം കയറുന്നത് തടയുവാൻ കഴിയും. കണ്ടുകൃഷി കുളത്തിൽ നിന്നും വെള്ളം ഏലായിലേക്ക് വരുന്ന തോടിന്റെ പല ഭാഗങ്ങളും ഇടിഞ്ഞ് നശിക്കുകയും കാടു പിടിച്ചു കിടക്കുകയുമാണ്. ഇത് ജലസേചന സൗകര്യത്തിന് തടസമായി തീർന്നിരിക്കുകയാണ്. അതിനാൽ തോട് അറ്റകുറ്റപ്പണി നടത്തി വൃത്തിയാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. പല ഭാഗവും ഇടിഞ്ഞു കിടക്കുന്ന കണ്ടുകൃഷിക്കുളം പുതുക്കി പണിത് വൃത്തിയാക്കണമെന്നതും നാട്ടുകാരുടെ ആവശ്യമാണ്. രണ്ടു തവണ കൃഷിചെയ്യുന്ന മുടപുരം ഏലായിൽ മൈനർ ഇറിഗേഷൻ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കൂടി ജലസേചന സൗകര്യം ഒരുക്കിയാൽ മൂന്നു തവണ കൃഷി ചെയ്യുന്ന പാടമായി മാറ്റുവാൻ കഴിയുമെന്ന് കർഷകർ അഭിപ്രായപ്പെട്ടു.