കേരള പോലീസിന് നാണക്കേടാകുമോ? നഗരൂരിൽ എസ്‌.ഐ ഉൾപ്പടെയുള്ള സംഘം വീട് കയറി ആക്രമിച്ചെന്ന് ആരോപണം

നഗരൂർ : കേരളത്തിൽ ജനമൈത്രി പോലീസിന്റെ ജനസൗഹാർദ്ദപരമായ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ പോലീസിന് മൊത്തം നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് ആരോപണമായി ഉയരുന്നത്. നഗരൂരിൽ എസ്.ഐ ഉൾപ്പെടെ അഞ്ചംഗ പൊലീസ് സംഘം വീടുകയറി ആക്രമിച്ചതായി ആരോപണം. വീട്ടിലുള്ള എല്ലാവരെയും ക്രൂരമായി മർദ്ദിച്ചെന്നും 17 വയസ്സുള്ള പെൺകുട്ടിയുടെ തല മുടിയ്ക്കു കുത്തി പിടിച്ചും ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി ഓടിച്ചും പോലീസിന്റെ ക്രൂര പീഡനമേറ്റതായി പരാതി.

നഗരൂർ വലിയകാട് പ്രദേശത്തെ ഒരു വീട്ടിലെ എല്ലാവരെയും പോലീസും സംഘവും മർദിച്ചെന്നാണ് ആരോപണം. രണ്ടാഴ്ചമുമ്പ് ഒരു ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ആലംകോട് എസ്ബിഐ എടിഎം കൗണ്ടറിൽ നിൽക്കുകയായിരുന്ന നഗരൂർ സ്വദേശിയായ മുഹമ്മദ്‌ ആഷിക്കിനെ ആറ്റിങ്ങലിലെ പ്രമുഖ വ്യാപാരിയുടെ മകൻ മർദ്ദിക്കാൻ എത്തുകയും തുടർന്ന് ആഷിക്കിന്റെ കയ്യിലിരുന്ന ബൈക്കിന്റെ താക്കോൽ കൊണ്ട് മറ്റേയാളുടെ മുഖത്ത് പരിക്കേൽക്കുകയും ചെയ്തത്രേ. ബാംഗ്ലൂരിൽ മെക്കാനിക്കായി ജോലിചെയ്യുന്ന മുഹമ്മദ് ആഷിഖ് അന്നുതന്നെ ബാംഗ്ലൂരിലേക്ക് മടങ്ങി പോകുകയും ചെയ്തു. എന്നാൽ പ്രശ്നങ്ങൾ തുടങ്ങി വച്ച വ്യാപാരിയുടെ മകൻറെ മുഖത്തെ മുറിവ് കാണിച്ചുകൊണ്ട് മുഹമ്മദ് ആഷിക്കിനെതിരെ അവർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകുകയായിരുന്നത്രെ. തുടർന്ന് ഇന്നലെ വൈകുന്നേരം നഗരൂർ എസ്.ഐ ജയനും നാല് പോലീസുകാരും മുഖത്ത് മുറിവേറ്റയാളുടെ അച്ഛനും ആറു പേരും ചേർന്ന് മുഹമ്മദ് ആഷിക്കിന്റെ വീട്ടിലെത്തി ആഷിക്കിനെ തിരക്കിയിരുന്നത്രെ. എന്നാൽ ആഷിക് ഇവിടെയില്ലെന്നും ബാംഗ്ലൂരിൽ ആണെന്നും വീട്ടുകാർ അറിയിച്ചത്രേ. എന്നാൽ ആഷിക്കിന്റെ സഹോദരങ്ങളായ യാസർ റാഹത്തിനും, റമീസ് രാജയ്ക്കും സഹോദരി കൈഫയ്ക്കും ആഷിക്കിന്റെ പിതാവ് അബ്ദുൽ കലാമിനെയും ഏഴംഗ സംഘവും പോലീസും ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. നഗരൂർ എസ് ഐ ജയൻ 17 വയസ്സു മാത്രം പ്രായമുള്ള കൈഫ എന്ന പെൺകുട്ടിയുടെ തല മുടിയിൽ കുത്തി പിടിക്കുകയും ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി ഒടിക്കുകയും ചെയ്തെന്ന് പറയുന്നു. മാത്രമല്ല റമീസ് രാജയുടെയും യാസർ റാഹത്തിന്റെയും തലയ്ക്ക് പൊട്ടൽ ഏറ്റിട്ടുണ്ട്. പോലീസിന്റെ മേൽനോട്ടത്തിൽ പണത്തിന്റെ കൊഴുപ്പ് കാണിച്ച അക്രമികൾക്ക് പോലീസ് സംരക്ഷണം നൽകിയെന്നാണ് ആരോപണം. കൂടാതെ പോലീസും അവരോടൊപ്പം ചേർന്ന് തങ്ങളെ മർദ്ദിച്ചെന്നും പറയുന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ കുടുംബത്തിലെ നാലുപേരെയും വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാലിന് പൊട്ടലേറ്റ് 17കാരിയുടെ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നു എന്നാണ് പുതിയ വിവരം.