നഗരൂരിൽ ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന് 5 വർഷം കഠിനതടവും 75000 രൂപ പിഴയും

നഗരൂർ: സ്ത്രീധനപീഡനത്തെത്തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തെന്ന കേസിൽ ഭർത്താവിനെ കോടതി അഞ്ച് വർഷം കഠിനതടവിനും 75000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. നഗരൂർ കെ.വി.ഹൗസിൽ ഷുക്കൂറിനെയാണ് കോടതി ശിക്ഷിച്ചത്.

നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ഷുക്കൂറിന്റെ പീഡനത്തെ തുടർന്ന് ഭാര്യ മെഹറുന്നീസ ആത്മഹത്യചെയ്തു എന്നാണ് കേസ്. പിഴ ഒടുക്കിയാൽ അത് മെഹറുന്നീസയുടെ മൂന്ന് മക്കൾക്ക് നൽകാൻ കോടതി നിർദേശിച്ചു. ഇരകൾക്ക് ഉള്ള നഷ്ടപരിഹാരനിധിയിൽ നിന്നുള്ള ധനസഹായം മെഹറുന്നീസയുടെ അവകാശികൾക്ക് നൽകാനും കോടതി നിർദേശിച്ചു.

1994 മേയ് 15-നാണ് മെഹറുന്നീസ ആത്മഹത്യചെയ്തത്. വിവാഹസമയത്ത് 86 സെന്റ് സ്ഥലവും വീടും 25 പവൻ സ്വർണവും ഷുക്കൂറിന് നൽകിയിരുന്നു. വിവാഹശേഷം ഗൾഫിൽനിന്നു മടങ്ങിവന്ന ഷുക്കൂർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു.

ഷുക്കൂറിന്റെ പീഡനം സഹിക്കാനാകാതെയാണ് മെഹറുന്നീസ ആത്മഹത്യ ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.