നാവായിക്കുളം മേഖലയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് നിരവധിപേർക്ക് പരിക്ക്.

നാവായിക്കുളം : നാവായിക്കുളം, നൈനാംകോണം, പുളിയറക്കോണം മേഖലകളിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് നിരവധിപേർക്ക് പരിക്ക്. നൈനാംകോണം സ്വദേശികളായ ലീലാമണി, ഓമന, പുളിയറക്കോണം സ്വദേശി സത്യഭാമ, കാട്ടിൽ സ്വദേശികളായ രാജൻ, മനോഹരൻ എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. പേവിഷബാധ ഉണ്ടോ എന്ന് സംശയിക്കുന്നതിനാൽ എല്ലാവരും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. കൂട്ടത്തോടെ പാഞ്ഞു വന്ന തെരുവുനായ്ക്കൾ വഴിയരികിൽ നിന്നവരെയെല്ലാം കടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് അടുത്ത കാലത്തായി വൻതോതിലുള്ള അറവുമാലിന്യ നിക്ഷേപങ്ങൾ കൂടിവരികയാണ്. ഇതാണ‌് നായ്ക്കൾ കൂട്ടത്തോടെ ഇവിടെ തമ്പടിക്കുന്നതിന‌് കാരണം. ഒറ്റയ്ക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന‌് നാട്ടുകാർ പറഞ്ഞു. നാവായിക്കുളം പഞ്ചായത്ത‌് ഇത്തരം കാര്യങ്ങളിൽ പരിഹാരം കാണുന്നില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട‌്