നഗരത്തെ ഞെട്ടിച്ച മാലക്കള്ളനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയ ട്രാഫിക് പൊലീസുകാർക്ക് അനുമോദനം

തിരുവനന്തപുരം : വൃദ്ധയെ ആക്രമിച്ച് മാല പൊട്ടിച്ചുകടന്ന കള്ളനെ മണിക്കൂറുകൾക്കകം പിടികൂടിയ സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ശരത്ചന്ദ്രൻ, ബിജുകുമാർ എന്നിവർക്ക് പ്രശംസാ പത്രവും ഗുഡ് സർവീസ് എൻട്രിയും. സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രനാണ് ഇരുവരെയും ഇന്നലെ എ.ആർ ക്യാമ്പിലെ ജനമൈത്രി യോഗത്തിൽ അനുമോദിച്ചത്.

രണ്ടു ദിവസം മുൻപ്, തിരുമല കൈരളി ഗാർഡൻ റോഡിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ വൃദ്ധയോട് വഴിചോദിക്കാനെന്ന വ്യാജേന അടുത്തുകൂടി മാലപൊട്ടിച്ചു കടക്കുകയായിരുന്നു. കൈരളിനഗറിലെ പാർവതിയുടെ ഒന്നരപവൻ മാലയാണ് പൂജപ്പുര പൈറോഡിൽ താമസിക്കുന്ന പ്രതി സജീവ് (28) പൊട്ടിച്ചത്. മോഷണ വിവരം കൺട്രോൾ റൂമിൽ ലഭിച്ചതോടെ വയർലെസിലൂടെ മാല മോഷ്ടാവിനെയും വാഹനത്തെയുംപറ്റി സിറ്റിയിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം നൽകി. ട്രാഫിക് സ്റ്റേഷനിൽ നിന്ന് സിറ്റി കൺട്രോൾ റൂമിൽ കാമറ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ശരത്ചന്ദ്രൻ, ഈ വാഹനം മ്യൂസിയത്തെ കാമറയിൽ കാണുകയും ആ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ബിജുകുമാറിനോട് വയർലെസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ബിജുകുമാർ കള്ളനെ പിടികൂടുകയായിരുന്നു.