നെടുമങ്ങാട് ശാന്തിതീരത്തിന്റെയും തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെയും ഉദ്ഘാടനം

നെടുമങ്ങാട്: പ്രാകൃതമായ ശവസംസ്കാര രീതികളും അപ്രായോഗികമായ മാലിന്യ സംസ്കരണ രീതികളുടെ തിക്തതയും അനുഭവിച്ചറിഞ്ഞതിന്റെ ആശങ്കയാണ് ഇത്തരം പദ്ധതികൾക്കെതിരായ പ്രതിഷേധങ്ങൾക്ക് കാരണമെന്നും അത്യാധുനിക സംസ്കരണ സംവിധാനങ്ങളെക്കുറിച്ച് നമ്മുടെ നാട്ടുകാർ ഇപ്പോഴും അജ്ഞരാണെന്നും മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.

നെടുമങ്ങാട് നഗരസഭ കല്ലമ്പാറയിൽ നിർമ്മാണം പൂർത്തിയാക്കിയ അത്യാധുനിക ക്രിമിറ്റോറിയം- ശാന്തിതീരത്തിന്റെയും തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്വാഗതം പറഞ്ഞു. ഡി.കെ. മുരളി എം.എൽ.എ, ജില്ലാ പഞ്ചായത്തു പ്രസിഡൻന്റ് വി.കെ. മധു, ശുചിത്വ മിഷൻ ഡയറക്ടർ സി.വി. ജോയി, നഗരസഭ വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ, പി. ഹരികേശൻ നായർ, ആർ. മധു, ടി.ആർ. സുരേഷ്, ഗീതാകുമാരി, റഹിയാനത്തു ബീവി, അഡ്വ.ആർ. ജയദേവൻ, പാട്ടത്തിൽ ഷെരീഫ്, അഡ്വ. അരുണ കുമാർ, കരിപ്പൂര് വിജയകുമാർ, കെ. സോമശേഖരൻ നായർ, ലേഖാ സുരേഷ്, കെ.ജെ. ബിനു, ടി. അർജുനൻ, ബി. സതീശൻ, കെ. രവീന്ദ്രൻ, ബീന എസ്. കുമാർ എന്നിവർ സംസാരിച്ചു.

ഉദ്ഘാടന വേദിയിൽ മുൻ നഗരസഭ കൗൺസിലറും എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ.എ.ബാഹുലേയനെ അനുമോദിച്ചു. പൊതുശ്മശാനത്തിന് നഗരമദ്ധ്യത്തിൽ സ്ഥലം കണ്ടെത്താൻ 2005 -ലെ കൗൺസിലിൽ ചർച്ച വന്നപ്പോൾ 37 അംഗങ്ങളും എതിർപ്പ് പ്രകടിപ്പിച്ചുവെന്നും തന്റെ വാർഡിൽ ശ്മശാനം നിർമ്മിക്കാൻ കെ.എം. ബാഹുലേയൻ സമ്മതം പ്രകടിപ്പിക്കുകയായിരുന്നെന്നും സ്വാഗതം ആശ്വസിക്കവേ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ചൂണ്ടിക്കാട്ടി.