നിർമാണം പാതിവഴിയിൽ, പണയിൽ കടവ് പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് ഇനി എന്ന്?

വക്കം : നിർമാണം പാതിവഴിയിൽ മുടങ്ങിയതോടെ പണയിൽ കടവ് പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് എന്ന് ശരിയാകും എന്നാണ് നാട്ടുകാരുടെ ചോദ്യം. ചെറുന്നിയൂർ പഞ്ചായത്തിലെ അകത്തുമുറിയിൽ നിന്നും വക്കത്തേക്കുള്ള പാലവുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നിർമാണമാണ് മാസങ്ങളായി മുടങ്ങി കിടക്കുന്നത്. പാലത്തിന്റെ നിരപ്പിന് സമാനമായി റോഡിന് മണ്ണു നീക്കുന്ന രണ്ടു കോടിയിലേറെ രൂപയുടെ പദ്ധതിയുടെ എൺപതിലധികം ശതമാനം ജോലിയും പൂർത്തിയായപ്പോഴാണ് മണ്ണെടുപ്പിലെ അപാകത സംബന്ധിച്ചു പരാതികൾ ഉയർന്നത്.

നിശ്ചിത അളവു മണ്ണിനു പുറമേ സമീപത്തെ ഉയർന്ന സ്ഥലങ്ങളിൽ പുരയിടങ്ങളിൽ നിന്നും മണ്ണുനീക്കം ചെയ്തതു നിയമവിരുദ്ധമെന്നു ജിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ പേരിൽ താലൂക്ക് അധികൃതരും മണ്ണും ടിപ്പറുകളും പിടിച്ചെടുത്തിരുന്നു. അളവിൽ കവിഞ്ഞു മണ്ണുകടത്തിയെന്ന പേരിൽ വിജിലൻസ് അന്വേഷണത്തിനായി പരാതികളും പോയതോടെ ഈ വർഷം മധ്യത്തിൽ പണി തീർക്കേണ്ട റോഡ് നിർമാണം ഏതാനും മാസങ്ങളായി മുടങ്ങിയത്.

200 മീറ്റർ ദൂരത്തിലാണ് റോഡ് നിർമാണം നടക്കുന്നത്. അളവിൽ കവിഞ്ഞു മണ്ണെടുപ്പ് നടത്തിയതിന് പിഴയായി കരാറുകാരൻ ജിയോളജി വകുപ്പിന് തുക കെട്ടിവയ്ക്കുമ്പോൾ തുടർ ജോലി സംബന്ധിച്ചു അടുത്താഴ്ച വ്യക്തതയുണ്ടാകുമെന്ന്  ബി.സത്യൻ എംഎൽഎ പറഞ്ഞു. അവശേഷിക്കുന്ന മണ്ണു കൂടി നീക്കം ചെയ്താൽ ഇരുഭാഗവും പാർശ്വഭിത്തി പണിതു റോഡ് പണി പൂർണമാക്കുമെന്നും എം.എൽ.എ പറഞ്ഞു.