പോങ്ങനാട് ജീൻസിന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി

കിളിമാനൂർ: പോങ്ങനാട് കിളിക്കോട്ടുകോണം ജിൻസ് നിവാസിൽ ജിൻസ്(27) ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനെ കുറിച്ച് അന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് മാതാവ് സേതുലക്ഷ്മി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജിൻസിനെ മരിച്ച നിലയിൽ  2013 നവംബർ 5ന് രാവിലെ 9ന് കിളിക്കോട്ട്കോണത്ത് റബർ പുരയിടത്തിലെ കിണറ്റിലാണ് കണ്ടെത്തിയത്.

2013 നവംബർ നാലിന് രാത്രിയിൽ ചിലർ ചേർന്ന് മകനെയും സുഹൃത്തുക്കളെയും    ആക്രമിക്കുകയുണ്ടായി. ആക്രമണത്തിൽ നിന്നു രക്ഷപ്പെടുന്നതിനായി  സുഹുത്തുക്കളും മകനും ഓടിപ്പോയെങ്കിലും സുഹൃത്തുക്കളെ മാത്രമാണ് കണ്ടു കിട്ടിയത്. രാത്രി 11.30ന്  കിണറ്റിൽ നോക്കിയെങ്കിലും ഒന്നും കാണപ്പെട്ടില്ല. എന്നാൽ പിറ്റേ ദിവസം രാവിലെ 9 മണിയോടെ അതേ കിണറ്റിൽ മകന്റെ മൃതദേഹം കാണപ്പെട്ടതായും പരാതിയിൽ പറയുന്നു.

മകൻ അബദ്ധത്തിൽ കിണറ്റിൽ വീണതല്ലെന്നും  കൊലപ്പെടുത്തി കിണറ്റിൽ ഇട്ടതാണെന്നും പരാതിയിലുണ്ട്. ആദ്യം ലോക്കൽ പൊലിസും പിന്നീട് ക്രൈബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും മകൻ മരിച്ചതിന്റെ സത്യാവസ്ഥ പുറത്ത് വന്നില്ലെന്നും അന്വേഷണം നേരായ രീതിയിൽ നടത്തി മകന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.