പോത്തൻകോട് മദ്യപ സംഘം ക്രൂരമായി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ച യുവാവ് മരിച്ചു

പോത്തൻകോട്: നാലംഗ മദ്യപ സംഘം ക്രൂരമായി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ച യുവാവ് മരിച്ചു. പോത്തൻകോട് ചന്തവിള മണ്ണറത്തൊടി ക്ഷേത്രത്തിന് സമീപം ഒറ്റയ്‌ക്ക് താമസിക്കുന്ന മൺവിള കോളനിയിൽ പരേതനായ വിജയൻ – ശാന്ത ദമ്പതികളുടെ മകൻ വിച്ചു എന്ന വിനയബോസ് (38) ആണ് മരിച്ചത്. സഹോദരൻ: വിനിത ബോസ്. സംഭവത്തിൽ പുല്ലാന്നിവിള സ്വദേശികളായ നാലുപേർക്കായി തെരച്ചിൽ ആരംഭിച്ചതായി പോത്തൻകോട് പൊലീസ് അറിയിച്ചു. കഴിഞ്ഞ 22ന് പുലർച്ചെ ഒന്നോടെയാണ് സംഭവം. പുല്ലാന്നിവിള റോഡുവഴി ഒറ്റയ്‌ക്ക് നടന്നു വരികയായിരുന്ന വിനയബോസിനെ പുല്ലാന്നിവിള കലിങ്കിന് സമീപം മദ്യപിച്ചിരുന്ന സംഘമാണ് വാക്കുതർക്കത്തെ തുടർന്ന് മർദ്ദിച്ച് റോഡിൽ തള്ളിയത്. മുക്കിൽ നിന്നും വായിൽ നിന്നും ചോരവാർന്ന് അബോധാവസ്ഥയിൽ കിടന്ന ഇയാളെ സമീപവാസികൾ അറിയിച്ചതനുസരിച്ച് പോത്തൻകോട് പൊലിസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ മൂന്നുദിവസമായി മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ ചികിത്സയിലായിരുന്ന വിനയബോസ് ഇന്നലെ പുലർച്ചെയോടെയാണ് മരിച്ചത്. കൂലിപ്പണിക്കാരനായ ഇയാൾ അവിവാഹിതനാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. നാലംഗ സംഘത്തിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായും ഇവരെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നും പോത്തൻകോട് സി.ഐ എസ്. ഷാജി അറിയിച്ചു.