പുളിമാത്ത് ഉടയവൻകാവ് – അലയകോണം റോഡ് തകർച്ചയിൽ

പുളിമാത്ത് : പുളിമാത്ത് പഞ്ചായത്തിലെ പൊരുന്തമൺ വാർഡിനെയും പുളിമാത്ത് വാർഡിനെയും ബന്ധിപ്പിക്കുന്ന ഉടയവൻകാവ് – അലയകോണം റോഡ് തകർന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. രണ്ട് കിലോമീറ്റർ നീളമുള്ള റോഡ് ഏഴ് വർഷം മുമ്പാണ് അവസാനമായി ടാർ ചെയ്തത്. സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്. അലയകോണം കോളനിവാസികളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ടാറിളകി വൻകുഴികൾ രൂപപ്പെട്ടതോടെ കാൽനടയാത്ര പോലും ദുസഹമായിരിക്കുകയാണ്. വാഹനങ്ങൾ കുഴികളിൽ വീഴാതിരിക്കാൻ വെട്ടിക്കുന്നത് നിരവധി അപകടങ്ങൾക്കും കാരണമാകുന്നു. റോഡ് തകർന്ന് കിടക്കുന്നത് കാരണം ഓട്ടോകളും ടാക്സികളും ഇതു വഴി വരാൻ വിസമ്മതിക്കുകയാണ്. റോഡ് തകർന്ന അവസ്ഥയിലായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൊരുന്തമൺ – തെള്ളിക്കോട് തോട്, ഉടയവൻകാവ് ജംഗ്ഷനിൽ കൂടിയാണ് കടന്നു പോകുന്നത്. തോട്ടിലേക്ക് പൊളിഞ്ഞ് കിടക്കുന്ന ഉപയോഗശൂന്യമായ നടപ്പാലം റോഡിന്റെ കരിങ്കൽ ഭിത്തിക്ക് അപകട ഭീഷണി ഉയർത്തുന്നു. മഴക്കാലത്ത് ശക്തമായ ഒഴുക്കിൽപ്പെട്ട് എത്തുന്ന തടികഷ്ണവും മറ്റും നടപ്പാലത്തിൽ തങ്ങി നിന്ന് വെള്ളപ്പൊക്കത്തിനും പൊരുന്തമൺ – കടവിള റോഡിന്റെ ഭിത്തികൾക്ക് നാശം ഉണ്ടാക്കുന്നതിനും കാരണമാകുന്നു. പല ഭാഗങ്ങളിലും കല്ലുകൾ ഇളകി തോട്ടിലേക്ക് പതിച്ച അവസ്ഥയാണ്. അടിയന്തരമായി റോഡ് നവീകരിക്കുകയും പൊളിഞ്ഞ നടപ്പാലം നീക്കം ചെയ്ത് റോഡിന് സംരക്ഷണ ഭിത്തി ഒരുക്കുകയും വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.