കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രാത്രി മുതല്‍ നാളെ രാവിലെ വരെ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെവരെയുള്ള ഉപഗ്രഹചിത്രങ്ങള്‍ പ്രകാരം തെക്കന്‍ കേരളം മുതല്‍ എറണാകുളം വരെയും തെക്കന്‍ തമിഴ്‌നാടിനു മുകളിലും മഴക്ക് കാരണമാകുന്ന മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. കാറ്റിന്റെ ഗതിയും ശക്തിയും ശരിയായ രീതിയില്‍ തുടര്‍ന്നാല്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളുടെ കിഴക്കന്‍ മേഖലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വെബ്സൈറ്റായ കേരളവെതര്‍ ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കര്‍ണാടകയ്ക്ക് മുകളില്‍ ന്യൂനമര്‍ദ മേഖല തുടരുന്നതും മാലദ്വീപ് മുതല്‍ കേരളത്തിനു മുകളിലൂടെ തമിഴ്‌നാട് വഴി തെലങ്കാന രായലസീമ വരെ നീളുന്ന ട്രഫ് (ന്യൂനമര്‍ദപാത്തി) തുടരുന്നതാണ് മഴയ്ക്ക് കാരണം. വൈകിട്ട് 6 നും ഞായറാഴ്ച രാവിലെ 6 നും ഇടയിലാണ് മഴ പെയ്യാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.