10 ദിവസത്തിനകം അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി:പത്തുദിവസത്തിനുളളിൽ സംസ്ഥാനത്തെ മുഴുവൻ അനധികൃത ഫ്ലെക്സ് ബോർഡുകളും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. നിർദേശം പാലിക്കാതിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി താക്കീത് നൽകി.  അനധികൃത ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴയ്‌ക്കൊപ്പം ക്രിമിനല്‍ കേസും എടുക്കാനും അതിനായി സര്‍ക്കുലര്‍ ഇറക്കാനും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് ഹൈക്കോടതി നിര്‍ദേശിച്ചു.

ലോകകപ്പ് ഫുട്ബോള്‍ മത്സരം നടക്കുമ്പോള്‍ ആലപ്പുഴയിലെ സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്ക പള്ളിക്കുമുന്നില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റാത്തത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.പിടിച്ചെടുക്കുന്ന ഫ്ലെക്സ് ബോർഡുകൾ പൊതു ഇടങ്ങളിൽ നശിപ്പിക്കുകയോ  ഉപേക്ഷിക്കുകയോ ചെയ്യരുത്. ബോ‍ർഡ് സ്ഥാപിച്ചവരെ കണ്ടെത്തി അവരെ തന്നെ തിരിച്ചേൽപിച്ച് പിഴയീടാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കൂടാതെ അത്തരക്കാർക്കെതിരെ ക്രിമിനൽ നടപടിച്ചട്ടപ്രകാരം കേസെടുക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

10 ദിവസത്തിനുശേഷവും ഫ്ലക്സുകൾ മാറ്റിയിട്ടില്ലെങ്കിൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം സെക്രട്ടറിമാരും ഫീല്‍ഡ് ജീവനക്കാരും ഏറ്റെടുക്കേണ്ടിവരുമെന്നും അത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു നല്‍കേണ്ട താരിഫും പിഴയും ഇവരില്‍നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്നുള്ള ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടിയാകും.സംസ്ഥാനത്തെ അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന കടുത്ത നിലപാടെടുത്തിട്ടും നടപ്പിലാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.