ഷെഫീഖ് ഖാസിമി തന്നെ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി – പീഡനം സ്ഥിരീകരിച്ചതായി ശിശുക്ഷേമ സമിതി

തൊളിക്കോട്: പീഡനക്കേസിൽ പോക്‌സോ ചുമത്തപ്പെട്ട തൊളിക്കോട് മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിക്കെതിരെ പീഡനത്തിനിരയായ പെൺകുട്ടി മൊഴി നൽകി. ഷെഫീഖ് ഖാസിമി തന്നെ പീഡിപ്പിച്ചുവെന്നാണ് ശിശുക്ഷേമ സമിതിക്ക് മുമ്പാകെ പെൺകുട്ടി മൊഴി നൽകിയത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് മനപ്പൂർവ്വം കൊണ്ടുപോവുകയായിരുന്നുവെന്നും പെൺകുട്ടി നൽകിയ മൊഴിയിലുണ്ട്. വൈദ്യപരിശോധയിൽ പെൺകുട്ടിക്ക് പീഡനം സ്ഥിരീകരിച്ചതായി ശിശുക്ഷേമ സമിതി വ്യക്തമാക്കി. പീഡനക്കേസിലെ റിപ്പോർട്ടും മൊഴിയും സമിതി പോലീസിന് കൈമാറി. മജിസ്‌ട്രേറ്റിന് മുമ്പാകെ പെൺകുട്ടിയുടെ രഹസ്യമൊഴി ഉടൻ രേഖപ്പെടുത്തും.

പീഡന ശ്രമത്തിനെതിരെ ഇമാമിനെതിരെ പോക്സോ ചുമത്തിയതിന് പിന്നാലെ ഷെഫീഖ് ഖാസിമി ഒളിവിൽ പോയിരിക്കുകയാണ്. ഇമാമിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഖാസിമിയുടെ ജന്മനാടായ ഈരാറ്റുപേട്ടയിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഇമാം മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. അതേസമയം ഇമാമിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും. ഇമാം രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ എല്ലാ വിമാനത്താവളങ്ങളിലും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ കീഴടങ്ങണെന്ന് പൊലീസ് ഇമാമിൻറെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പീഡന ആരോപണത്തെ തുടർന്ന് ഇന്നലെയാണ് ഇമാമിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തത്. തൊളിക്കോട് പള്ളികമ്മിറ്റി പ്രസിഡൻറ് ബാദുഷ വിതുര പോലീസിൽ നൽകിയ പരാതിയിലാണ് ഇമാമിനെതിരെ കേസെടുത്തത്. തൊളിക്കോട് ജമാഅത്തിലെ ഇമാമായിരുന്നു ഷെഫീഖ് അൽ ഖാസിമി. പ്രായപൂർത്തിയാകാത്ത പെൺകൂട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന്് ഖാസിമിയെ ഓൾ ഇന്ത്യൻ ഇമാം കൗൺസിലിൽ നിന്നും പുറത്താക്കിയിരുന്നു.

ഒരാഴ്ച മുൻപാണ് ഷഫീഖ് അൽ ഖാസിമി 15 കാരിയായ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറിൽ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംശയാസ്പദമായ സാഹചര്യത്തിൽ 15 കാരിയെ ഖാസിമിയോടോപ്പം കണ്ടതിനെ തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിലേർപ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികൾ വാഹനം തടഞ്ഞു നിർത്തി ചോദ്യം ചെയ്തതോടെയാണ് പീഡന ശ്രമം പുറത്തായത്.