ശാർക്കര കാളിയൂട്ട് മഹോത്സവത്തിന് നാളെ തുടക്കം കുറിക്കും

ചിറയിൻകീഴ്: ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാളിയൂട്ട് മഹോത്സവത്തിന് നാളെ തുടക്കം കുറിക്കും. മാർച്ച് 8ന് വൈകിട്ടാണ് കാളിയൂട്ടിന്റെ പ്രധാന ചടങ്ങായ നിലത്തിൽ പോരും ദാരിക നിഗ്രഹവും നടക്കുന്നത്. നാളെ രാവിലെ 8നും 8.30നും ഇടയ്ക്ക് ക്ഷേത്ര മേൽശാന്തി കാവേരി മഠം ജനാർദ്ദനൻ പോറ്റിയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര നാലമ്പലത്തിനകത്താണ് കാളിയൂട്ടിന് കുറികുറിക്കുന്നത്. രണ്ട് താളിയോല കുറിമാനങ്ങൾ തയ്യാറാക്കും. ക്ഷേത്ര ഭണ്ഡാരപ്പിള്ള രാമചന്ദ്രൻ നായർ താളിയോലയിൽ നീട്ടെഴുതി പൊന്നറ കുടുംബത്തിലെ കൊച്ചുനാരായണപിള്ള ആശാന് കൈമാറും. ഇതോടെ ചടങ്ങുകൾ ആരംഭിക്കും. രണ്ടാമത്തെ കുറിമാനം മാരാർക്ക് നൽകും. കാളിയൂട്ടിന്റെ വേഷം കെട്ടാൻ അവകാശം ആറ്റിങ്ങൽ പൊന്നറ കുടുംബത്തിനാണ്. 21 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ 151 പേരാണ് കർമ്മങ്ങളിൽ പങ്കെടുക്കുന്നത്. അത്താഴ ശീവേലിക്ക് ശേഷം ക്ഷേത്രത്തിന് തെക്കുവശത്തെ തുള്ളൽ പുരയിൽ വെള്ളാട്ടം കളി അരങ്ങേറും. ദേവിയെ കൃഷിക്കാർ വെള്ളമുണ്ട് വീശി ക്ഷീണമകറ്റുന്നതാണ് ഇതിലെ സങ്കല്പം. പൊന്നറ കുടുംബത്തിലെ എട്ട് പേർ താളത്തിൽ ചുവട് വച്ചാണ് വെള്ളാട്ടം കളിക്കുന്നത്.