തോന്നയ്ക്കൽ പ്രദേശത്തെ കളിമൺ ഖനനം നാട്ടുകാർക്ക് ഭീഷണിയെന്ന് പരാതി

തോന്നയ്ക്കൽ : തോന്നയ്ക്കൽ പ്രദേശത്ത് പരിസ്ഥിതി- ഖനന നിയമങ്ങൾ കാറ്റിൽ പറത്തി കളിമൺ ഖനനം നടക്കുന്നത് നാട്ടുകാർക്ക് ഭീഷണിയാകുന്നു. വർഷങ്ങളായി നടന്നു വരുന്ന കളിമൺ ഖനനം സാംസ്കാരിക കേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന തോന്നയ്ക്കലിനെ നാശത്തിലേയ്ക്ക് നയിക്കുകയാണ്. ശേഖരിക്കുന്ന കളിമണ്ണ് വിവിധ ആവശ്യങ്ങൾക്കായി രാസ വസ്തുക്കൾ ചേർത്ത് സംസ്കരിക്കുമ്പോൾ ഉണ്ടാകുന്ന മാരക വിഷാംശമുള്ള പദാർത്ഥങ്ങൾ കെട്ടിക്കിടക്കുന്ന ജലത്തിലേയ്ക്ക് ഒഴുക്കി വിടുന്നതിനാൽ ഈ പ്രദേശങ്ങളിലെ കിണറുകളും മറ്റ് ജല സ്രോതസുകളും മലിനമാകുകയാണ്.

കളിമൺ സംസ്കരണ ഫാക്ടറികളിൽ നിന്നും പുറത്തു വരുന്ന പൊടിപടലം കാരണം ഇവിടുള്ളവർക്ക് ആസ്മയും ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങളും പിടിപെടുകയാണ്. നിയമം അനുശാസിക്കുന്ന പ്രകാരമുള്ള യാതൊരു സുരക്ഷയും ഏർപ്പെടുത്താതെയാണ് ഇവിടെ ഖനനം നടക്കുന്നത്.

ഇതിനിടയിലാണ് സ്വൈരം നശിച്ച നാട്ടുകാർ ഒത്തു ചേർന്ന് സമര സമിതി രൂപീകരിച്ച് കോടതിയെ സമീപിച്ചത്. സമിതിക്ക് അനുകൂലമായി ഒരു ഗ്രാമത്തെ നശിപ്പിക്കുന്ന നടപടി നിർത്തിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവാകുകയും ചെയ്തു. ഇതോടെ കമ്പനികൾ പൂട്ടി. എന്നാൽ പൂട്ടിയ കമ്പനികൾ തുറപ്പിക്കാനായി ജീവനക്കാർ പട്ടിണിയിലാണെന്നു പറഞ്ഞ് സർക്കാരിനെ സ്വാധീനിച്ച് കമ്പനികൾ തുറക്കാനുള്ള ശ്രമം നടക്കുകയാണിപ്പോൾ. ഇതിനെതിരേ ശക്തമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ദുരിതം അനുഭവിക്കുന്ന ജനം.