ഹർത്താലിൽ ഗതാഗതം തടസ്സപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തു നീക്കി

ആറ്റിങ്ങല്‍: യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ നിരവധി സ്ഥലങ്ങളിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വിവിധ ഭാഗങ്ങളിൽ വാഹനം തടയുവാന്‍ ശ്രമിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ തര്‍ക്കവും ഉപരോധവും അരങ്ങേറി. ഹർത്താൽ ആഹ്വാനം നടത്തിയിട്ടും കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് തുടര്‍ന്നതിനാൽ ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തടയുവാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോരാണി ടോള്‍മുക്കിന് സമീപത്ത് യൂത്ത്‌ കോണ്‍ഗ്രസ് ചിറയിന്‍കീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ റോഡില്‍ കയറിയിരിന്ന് പ്രതിഷേധിക്കുകയായിരുന്നു. ഗതാഗതം പുനര്‍സ്ഥാപിക്കുവാന്‍ ഒഴിഞ്ഞുമാറുവാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് ആറ്റിങ്ങല്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലാത്തി വീശി. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചിതറിയോടി. പിന്മാറുവാന്‍ തയ്യാറാകിതിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിന് മുന്‍വശത്തും സമാന രീതിയില്‍ റോഡ് ഉപരോധത്തിന് യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നു. ഇവരെയും പോലീസ് നീക്കം ചെയ്തു. കോരാണിയില്‍ നിന്നും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരായ അനൂപ്, വിനീഷ്, സജിത്, അന്‍സാര്‍, വിശ്വനാഥന്‍ നായര്‍, അജു, അഖില്‍, ബിനോയ്, വിശാഖ്, കബിര്‍, മഹേഷ്, അച്ചു എന്നിവരെയാണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രന്‍സ് രാജ്, കിരണ്‍, പ്രശാന്ത്, ഇല്ല്യാസ് എന്നിവരെ രാവിലേതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സംഘടിച്ച് സ്റ്റേഷനിലെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. കെ.പി.സി.സി. അംഗം എം.എ.ലത്തീഫ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാര്‍, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇളമ്പഉണ്ണികൃഷ്ണന്‍, അജയരാജ്, മന്‍സി, എ.ആര്‍.നിസാര്‍, സഞ്ജു, സജിന്‍, പള്ളിയറ മിഥുന്‍, നിതിന്‍ പാലോട് എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ നഗരത്തില്‍ നടന്ന പ്രകടനത്തിന് ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍, സുദര്‍ശനന്‍, ജയകുമാര്‍, അംമ്പിരാജ, സതീഷ്‌കുമാര്‍, കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പതിവ് പോലെ വാഹനങ്ങള്‍ ഓടി. നഗരത്തിലും സമീപ പ്രദേശങ്ങളിലും സ്വകാര്യ ബസുകള്‍ രാവിലെ 9.30 വരെ സര്‍വ്വീസ് നടത്തി. ഒട്ടുമിക്ക കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. തുറക്കുവാന്‍ ശ്രമിച്ച വ്യാപാര സ്ഥാപനങ്ങളെ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു.